തിരുവനന്തപുരത്ത് ആനയറ മാര്‍ക്കറ്റില്‍ നിന്നുള്ള കാഴ്ചയാണ്. പടവലവും പാവലും വെള്ളരിയുമെല്ലാം കുന്നുകൂടിക്കിടക്കുന്നു. ഹോര്‍ട്ടികോര്‍പ്പിന്റെ ഔട് ലെറ്റുകള്‍ വഴി വിറ്റുതീരാത്ത പച്ചക്കറികളില്‍ പലതും നശിച്ചു തുടങ്ങി. പെട്ടെന്ന് ചീഞ്ഞുപോകുന്ന പച്ചക്കറി സൗജന്യ നിരക്കില്‍ ആവശ്യക്കാര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇതനുസരിച്ച് അധികം വരുന്ന പച്ചക്കറിയുടെ സൗജന്യ പച്ചക്കറി വിതരണത്തിന്റെ ഉദ്ഘാടനം എംഎല്‍എ മുകേഷ് നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ പുവര്‍ഹോമിലെ കുട്ടികള്‍ക്കാണ് പച്ചക്കറി നല്‍കിയത്.

ഇതിന് പുറമെ ഹോര്‍ട്ടികോര്‍പ്പില്‍ നാടന്‍ പച്ചക്കറികളുടെ വിലയും കുറച്ചു. പടവലവും വെള്ളരിയും അഞ്ച് രൂപക്കും പയറും പാവലും കിലോ 20 രൂപക്കുമാണ് വില്‍പ്പന. കര്‍ഷകര്‍ കൊണ്ടുവരുന്ന മുഴുവന്‍ പച്ചക്കറിയും വാങ്ങാനാണ് ഹോര്‍ട്ടികോര്‍പ്പിന് കൃഷിമന്ത്രി നല്‍കിയ നിര്‍ദ്ദേശം. കര്‍ഷക സംഘങ്ങളും വിഎഫ്‌സികെയും ഹോര്‍ട്ടികോര്‍പ്പുമെല്ലാം ശേഖരിച്ച് മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പച്ചക്കറി സംഭരിക്കാന്‍ സംവിധാനമില്ലാത്തതാണ് ഹോര്‍ട്ടികോര്‍പ്പിനെ കുഴക്കുന്നത്. മുപ്പത് ലക്ഷം രൂപ മുടക്കി നെടുമങ്ങാട് അന്താരാഷ്ട്ര മാര്ഡക്കറ്റില്‍ സജ്ജീകരിച്ച പഴം പച്ചക്കറി ശീതികരണി ഇതുവരെ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. മാത്രമല്ല കൂടുതല്‍ ഇടങ്ങളിലേക്ക് പച്ചക്കറി വിതരണത്തിനെത്തിക്കാന്‍ സംവിധാനം വേണമെന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.