കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സാ ഫീസ് വര്‍ധനവ് അടുത്ത മാസം മുതലെന്ന് ആരോഗ്യ മന്ത്രാലയം. രണ്ട് പതിറ്റാണ്ടിന് മുമ്പ് നിശ്ചയിച്ചിട്ടുള്ള ഫീസാണ് ഇപ്പോഴും ഈടാക്കി വരുന്നത്. മരുന്നുകളുടെയും മറ്റ് ചികിത്സാ സേവനങ്ങളുടെയും നിരക്കുകള്‍ കുത്തനെ വര്‍ധിച്ച സാഹചര്യത്തിലാണ് ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ചികിത്സാ ഫീസിനുള്ള പുതിയ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി ജമാല്‍ അല്‍ ഹാര്‍ബി അറിയിച്ചത്. ഇത് സംബന്ധിച്ച് മന്ത്രാലയം വകുപ്പ് തല രണ്ട് ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്.

മരുന്നുകളുടെയും മറ്റ് ചികിത്സാ സേവനങ്ങളുടെയും നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്നതിനാലാണിത്. ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ചികിത്സാ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കാന്‍ സാങ്കേതിക കമ്മിറ്റി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വര്‍ധനവ്. 1993 നുശേഷം രാജ്യത്ത് ചികിത്സാ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിച്ചിട്ടില്ല. 

സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഫീസ് വര്‍ധിപ്പിക്കാനാണ് ഒന്നാമത്തെ തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശികള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കാനുള്ളതാണ് രണ്ടാമത്തെ തീരുമാനം.എന്നാല്‍, മാനുഷികവും സാമൂഹികവുമായ പരിഗണനകള്‍ അനുസരിച്ച് ചില കേസുകളില്‍ ഫീസ് വര്‍ധന നടപ്പാക്കില്ല. 

കാന്‍സര്‍ ബാധിച്ച 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍,കെയര്‍ ഹോമുകളിലെ അന്തേവാസികള്‍, സാമൂഹിക സംരക്ഷണ സദനങ്ങളിലെ അന്തേവാസികള്‍, അന്ധരായ രോഗികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഫീസ് വര്‍ധനയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ചികിത്സാ സേവനങ്ങള്‍ക്കുള്ള ഫീസില്‍ വര്‍ധന നടപ്പാക്കുന്നുണ്ടെങ്കിലും വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് തുകയില്‍ മാറ്റമൊന്നുമില്ല. വിദേശികള്‍ക്ക് 50 ദിനാറും ഭാര്യയ്ക്ക് 40 ഉം കുട്ടികള്‍ക്ക് 30 ദിനാര്‍ വീതവുമാണ് നിലവിലെ ഇന്‍ഷുറന്‍സ് തുക.