ക്വലാലംപൂര്‍: മലേഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചു. ജോഹോര്‍ ബഹുരുവിലുള്ള സുല്‍ത്താന അമിന ആശുപത്രിയുടെ ഐസിയുവിലായിരുന്നു തീപിടുത്തം. രണ്ടു മണിക്കൂറോളം തീ ആളിപ്പടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊള്ളലേറ്റവരെയും ശ്വാസതടസമുണ്ടായവരെയും അടുത്തുള്ള അശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു രോഗിയുടെയും രണ്ടു ജീവനക്കാരുടെയും നില ഗുരുതരമാണെന്നു മലേഷ്യന്‍ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ നൂര്‍ ഹിഷാം അബ്ദുള്ള അറിയിച്ചു. വയറിംഗിലെ അപാകതയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്നാണ് കരുതുന്നത്. 1982 ല്‍ സ്ഥാപിതമായ സുല്‍ത്താന അമിന ആശുപത്രി മലേഷ്യയിലെ മികച്ച ആശുപത്രികളിലൊന്നാണ്.