പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മഞ്ചേരിയിലെ ഏറനാട് ആശുപത്രി പൂട്ടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. ശുപാർശ സർക്കാരിന് സമർപ്പിച്ചു. ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന പ്രകൃതി ചികിത്സാകേന്ദ്രത്തിൽ വച്ചാണ് യുവതി മരിച്ചത്.

മഞ്ചേരി ഏറനാട് ആശുപത്രിയിലെ ഒരു മുറി വാടകക്ക് എടുത്താണ് പ്രകൃതി ചികിൽസ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആബിർ എന്നയാളാണ് ചികിത്സ നടത്തിയിരുന്നത്. ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഈ റൂം പൂട്ടി സീൽ ചെയ്തിരുന്നു ഇവര്‍ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥനത്തിലാണ് ഡി എംഒ നടപടിക്ക് ശുപാർശ ചെയ്തത്.

കോട്ടക്കൽ ആദവനാട് സ്വദേശിയായ യുവതിക്ക്‌ രക്തസ്രാവം ഉണ്ടായപ്പോൾ അറിയിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നു എന്ന നിലപാടിലാണ് ആശുപത്രി ഉടമയും ഡോക്ടരുമായ ജോൺ ജേക്കബ് തറയിൽ. സര്‍ക്കാര്‍ അംഗീകരിച്ച പ്രകതി ചികിത്സ തന്നെയാണ് നടത്തിയതെന്ന നിലപാടിലാണ് ചികില്‍സകനായ ആബിര്‍ ഹൈദര്‍

നേരത്തെ കോട്ടക്കലില്‍ ആബിറിന്‍റ ചികില്‍സയിലിരുന്ന സ്ത്രീയുടെ കുഞ്ഞ് പ്രസവത്തിനിടയില്‍ മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയേക്ക് മാറ്റിയതു കൊണ്ടാണ് അമ്മ രക്ഷപ്പെട്ടത്. അതിനു ശേഷമാണ് മഞ്ചേരിയിലെ ഏറനാട് ആശുപത്രിയിലേക്ക് ഇയാള്‍ പ്രവര്‍ത്തനം മാറ്റിയത്