നഴ്സുമാര്‍ക്ക് ശമ്പളം കൂട്ടി നല്‍കേണ്ടി വന്നാൽ ചികിത്സാ ചെലവ് ഉയർത്തുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ. 

തിരുവനന്തപുരം: നഴ്സുമാര്‍ക്ക് ശമ്പളം കൂട്ടി നല്‍കേണ്ടി വന്നാൽ ചികിത്സാ ചെലവ് ഉയർത്തുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ. നിയമ നടപടി തുടരുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. എന്നാൽ കൂട്ടിയ ശമ്പളം നല്‍കാന്‍ 13 ആശുപത്രികൾ സമ്മതിച്ചതായി നഴ്സുമാര്‍ പ്രതികരിച്ചു.

ശമ്പളം നല്‍കിയില്ലെങ്കില്‍ വീണ്ടും സമരപാതയിലേക്ക് എന്ന് നഴ്സുമാര്‍ അറിയിച്ചു. പട്ടിണി സമരങ്ങൾക്കും നിയമ പോരാട്ടങ്ങള്‍ക്കുമൊടുവിലാണ് നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. പുതുക്കിയ ശമ്പളം തരാന്‍ തയാറാകാത്ത ആശുപത്രികളില്‍ സമര നോട്ടീസ് നല്‍കാനാണ് യുണൈറ്റഡ് നഴ്സസ്സ് അസോസിയേഷന്‍റെ തീരുമാനം. 

നഴ്സുമാരുടെ മിനിമം വേതന ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആശുപത്രി മാനേജ്മെന്‍റുക‍ള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മാനേജ്മെന്‍റുകളുടെ ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

നഴ്സുമാരുടെ മിനിമം വേതനം ഇരുപതിനായിരം രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ചട്ടങ്ങള്‍ മറികടന്നാണ് ഇത് നിശ്ചയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്‍റുകള്‍ സ്റ്റേ ആവശ്യപ്പെട്ടത്. എന്നാല്‍ വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതി തന്നെ അത് തീര്‍പ്പാക്കട്ടെ എന്ന് ജസ്റ്റിസ് നവീന് സിന്ഹ, ജസ്റ്റിസ് എ എം ഖന്‍ വില്‍ക്കര്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിര്ദ്ദേശിക്കുകയായിരുന്നു .