മൂവാറ്റുപുഴ : ആത്മഹത്യ ചെയ്ത നിലയിൽ കൊണ്ടുവന്ന സ്ത്രീയുടെ മൃതദേഹത്തോട് ആശുപത്രി അധികൃതർ അവഗണന കാട്ടിയതായി പരാതി. മൂവാറ്റുപുഴ സർക്കാർ ജനറൽ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ മേക്കടമ്പ് കിഴക്കേതൊട്ടിയിൽ പ്രമോദിൻ്റെ ഭാര്യ ശ്രുബിയുടെ മൃതദേഹമാണ് ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടം നടത്താതെ മണിക്കൂറുകളോളം ആശുപത്രിയിൽ സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശ്രുബിയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആധികൃതർ മരണം സ്ഥിരീകരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാതെ മൃതദേഹം മാറ്റിയിടുകയായിരുന്നു.

 മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പലതവണ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അഞ്ചുമണിയോടെ പോസ്റ്റുമോട്ടം നടത്താൻ കഴിയില്ലെന്നും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാമെന്നും അധികൃതർ അറിയിച്ചു. എന്നാൽ അരമണിക്കൂറിലധികം പല താക്കോൽ ഉപയോഗിച്ച് ശ്രമിച്ചിട്ടും മോർച്ചറിയുടെ ഗേറ്റ് തുറക്കാനായില്ല. ഇതിനിടെയെത്തിയ മഴയിൽ മൃതദേഹം നനയുകയും ചെയ്തു. തുടർന്ന് പൊലീസിടപെട്ട് മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാത്തതിനാലാണ് പോസ്റ്റുമോർട്ടം വൈകിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവം സംബന്ധിച്ച് ഡിഎംഒയ്ക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു