ഭോപ്പാല്‍: 19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ ആദ്യം നൽകിയ മെഡിക്കൽ റിപ്പോർട്ട് തെറ്റെന്ന് സമ്മതിച്ച് ആശുപത്രി. ബലാത്സംഗമല്ല ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ജൂനിയർ വിദ്യാർഥിക്ക് സംഭവിച്ച പിഴവാണിതെന്നും പുതിയ റിപ്പോര്‍ട്ട് തയാറാക്കുമെന്നും ആശുപത്രി വെളിപ്പെടുത്തി
ഭോപ്പാലിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷന് സമീപം അഞ്ച് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി നൽകിയ പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടാണ് ഇന്ന് രാവിലെ പുറത്തുവന്നത്. കൂട്ടബലാത്സംഗം നടന്നില്ലെന്നും പെൺകുട്ടിയുടെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നുമായിരുന്നു വിവാദ റിപ്പോർട്ട്. കൂട്ടബലാത്സംഗത്തിന് പെൺകുട്ടി സമ്മതിച്ചെന്നാണോ റിപ്പോർട്ടിലെ സൂചനയെന്ന് വനിതാ സംഘടനകൾ ചോദിച്ചു. തുർന്ന് ആശുപത്രി റിപ്പോർട്ട് പിൻവലിച്ചു. മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയ ജൂനിയർ വിദ്യാർഥിക്ക് വന്ന പിഴവാണിതെന്നും പുതിയ റിപ്പോർട്ട് നല്കുമെന്നും സുൽത്താനിയ ലേഡി ആശുപത്രിയിലെ മുതിർന്ന ഡോക്ടർ കരൺ പീപ്രേ വിശദീകരിച്ചു.
ഇത്രവലിയ പിഴവ് എങ്ങനെ സംഭവിച്ചെന്ന് വിശദമായ റിപ്പോർട്ട് നൽകണമെന്ന് മധ്യപ്രദേശ് ആരോഗ്യ വകുപ്പ് ആശുപത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതി സ്വീകരിക്കാൻ മൂന്ന് പോലീസ് സ്റ്റേഷനുകൾ തയാറാകാതിരുന്നതും വിവാദമായിരുന്നു. തന്നെ മാനഭംഗം ചെയ്തവരെ സമൂഹമധ്യത്തിൽ തൂക്കിക്കൊല്ലണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ രാത്രി എട്ട് മണിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിദീപക് ജോഷിയുടെ പരാമർശം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തള്ളി. പെൺകുട്ടികൾക്ക് അർധരാത്രിയും സഞ്ചരിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
