പാകിസ്ഥാനിൽ നിന്ന് ജെഎഫ്-17 തണ്ടർ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ് താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, ധാക്ക-കറാച്ചി വിമാന സർവീസുകളും പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ധാക്ക: ഇരുരാജ്യങ്ങളും കൂടുതൽ അടുക്കാനുള്ള ശ്രമങ്ങൾക്കിടെ പാകിസ്ഥാനിൽ നിന്ന് ജെഎഫ് -17 തണ്ടർ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ബംഗ്ലാദേശ് താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഒരു ദശാബ്ദത്തിലേറെയായി നിർത്തിവെച്ച ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ജനുവരി 29 മുതൽ പുനരാരംഭിക്കുകയും ചെയ്യും. ചൈനയും പാകിസ്ഥാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ജെഎഫ്-17 യുദ്ധ വിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ് താൽപര്യം പ്രകടിപ്പിച്ചെന്നാണ് പറയുന്നത്. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ജെഎഫ്-17 യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
ജെഎഫ്-17 വിമാനങ്ങൾ സ്വന്തമാക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശ് വ്യോമസേനാ മേധാവി ഹസൻ മഹ്മൂദ് ഖാനും പാകിസ്ഥാൻ വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബർ സിദ്ധുവും ചൊവ്വാഴ്ച ഇസ്ലാമാബാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായി പാകിസ്ഥാൻ സൈനിക മാധ്യമ വിഭാഗം ഐഎസ്പിആർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ബംഗ്ലാദേശ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
സിവിൽ ഏവിയേഷനിൽ, ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് ജനുവരി 29 മുതൽ ധാക്ക-കറാച്ചി-ധാക്ക റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും. ആഴ്ചയിൽ രണ്ട് സർവീസുകൾ നടത്തുമെന്ന് എയർലൈൻ അറിയിച്ചു. 2012 ന് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള ധാക്ക-കറാച്ചി വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി പാകിസ്ഥാൻ അധികൃതരുമായി നിരവധി മാസങ്ങളായി ചർച്ചകൾ തുടരുകയാണെന്ന് ബിമാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
