സംസ്ഥാനത്തെ ഹോട്ടലുകളും ഫാര്‍മസികളും അടച്ചിട്ട് ഉടമകള്‍ പ്രതിഷേധിക്കുന്നു. ജൂലൈ ഒന്നു മുതല്‍ ചരക്കുസേവന നികുതി ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും അടച്ചിട്ട് പ്രതിഷേധിക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ ഫാര്‍മസികളെ തടയണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരുവിഭാഗം മെഡിക്കല്‍ ഷോപ്പ് ഉടമകളും ഇന്ന് കടയടച്ച് പ്രതിഷേധിക്കുകയാണ്. സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും ഏതാണ്ട് എല്ലാ ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. മെഡിക്കല്‍ സ്റ്റോറുകള്‍ പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
വരുന്ന ജൂലൈ ഒന്നു മുതലാണ് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ഹോട്ടല്‍ സേവനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങളാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിശ്ചയിച്ചത്. 5 സ്റ്റാര്‍, 7 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 28 ശതമാനവും 2500 മുതല്‍ 5000 രൂപ വരെ മുറി വാടകയുള്ള ഹോട്ടലുകള്‍ക്ക് 18 ശതമാനവുമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. 1000 മുതല്‍ 2500 രൂപ വരെ നിരക്കുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനം നികുതി ഈടാക്കും. എന്നാല്‍ 1000 രൂപയില്‍ താഴെയുള്ള ഹോട്ടലുകള്‍ക്ക് ഏറ്റവും കുറഞ്ഞ നികുതി നിരക്കായി അഞ്ച് ശതമാനമായിരിക്കും ഈടാക്കുക.
