കുറഞ്ഞ വരുമാനക്കാര്‍ക്ക് അബുദാബി നഗരസഭ കുറഞ്ഞ വാടകയില്‍ താമസസൗകര്യമൊരുക്കുന്നു. മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പദ്ധതി ആശ്വാസമേകുമെന്നാണ് പ്രതീക്ഷ.
ഉയര്‍ന്ന വാടക പ്രവാസികളിലുണ്ടാക്കുന്ന തലവേദന ചെറുതല്ല. കുടുംബ ബജറ്റ് പലപ്പോഴും താളംതെറ്റുന്നത് വാടകയിനത്തിലാണ്. ബാച്ചിലേര്‍സിന് മാസം 700 ദിര്‍ഹം മുതല്‍ 1400 ദിര്‍ഹംവരെയും കുറഞ്ഞവരുമാനക്കാരായ കുടംബങ്ങള്‍ക്ക് മാസം 1400 മുതല്‍ 2100 ദിര്‍ഹം വരെയും വാടക ഈടാക്കുന്ന താമസസ്ഥലങ്ങള്‍ പണിയാനാണ് അബുദാബി നഗരസഭയുടെ പദ്ധതി. തീരുമാനം കുറഞ്ഞ വരുമാനകാര്‍ക്ക് ഏറെ ആശ്വാസകരമാകും. മാസം രണ്ടായിരം മുതല്‍ 4000ദിര്‍ഹം വരെ ശമ്പളമുള്ള ബാച്ചിലേര്‍സിനും 4000 മുതല്‍ 6000 ദിര്‍ഹം വരെ ശമ്പളമുള്ള കുടുംബങ്ങള്‍ക്കും ഉപകാരപ്പെടും വിധമാണ് പദ്ധതി ആവിഷ്കരിക്കുന്നത്. വാടക വര്‍ധിച്ചതിന്‍റെ പേരില്‍ പലരും കുടുംബത്തെ നാട്ടിലേക്ക് അയക്കുന്ന പശ്ചാതലത്തിലാണ് അബുദാബി നഗരസഭയുടെ തീരുമാനം. വാടകക്കെടുക്കുന്ന വ്യക്തിയുടെ മൊത്തം വരുമാനത്തിന്‍റെ 35 ശതമാനത്തില്‍ കൂടുതല്‍ വാടക ഉയരാത്ത വിധമാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് അബുദാബി മുനിസിപാലിറ്റി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുസബ മുബാറക് പറഞ്ഞു. ഇത്തരം കെട്ടിങ്ങള്‍ പണിയുന്നതിന് നിര്‍മ്മാതാക്കള്‍ക്ക് ചില ഇളവുകളും അനുവദിക്കും. ബാച്ചിലേര്‍സിനുവേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് പാര്‍ക്കിംഗ് ഇടങ്ങള്‍ വേണ്ടതില്ല തുടങ്ങിയ ഇളവുകളാണ് മുനിസിപ്പാലിറ്റി പരിഗണിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അനധികൃത പ്രവണതകള്‍ തടയുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു.
