വേമ്പനാട്ട് കായലിന്റെ പരിസ്ഥിതിക്ക് ഹൗസ് ബോട്ടുകൾ ഗുരുതര ഭീഷണിയെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറൽ. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്ക ബോട്ടുകളും സര്‍വ്വീസ് നടത്തുന്നത്. നിയമലംഘനം തുറമുഖ വകുപ്പ് തടയുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.


262 ഹൗസ് ബോട്ടുകളെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വേമ്പനാട്ടുകായലിനുള്ളത്. കഴിഞ്ഞ മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്തത് 734 എണ്ണം. ഇതിൽ തന്നെ 326 എണ്ണം രജിസ്ട്രേഷൻ പുതുക്കിയിട്ടില്ല. നിശ്ചിത സമയത്തിനകം രജിസ്ട്രേഷൻ പൂര്‍ത്തിയാക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. പകുതി ബോട്ടുകൾ ഓടുന്നച് ഓടിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ. മാലിന്യം കായലിലേക്ക് ഒഴുക്കുന്നു എന്നും കണ്ടെത്തൽ.ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 69 ശതമാനം ഹൗസ് ബോട്ടുകളും ഇന്‍ഷ്വര്‍ ചെയ്തിട്ടില്ല. ഭൂരിപക്ഷം ഹൗസ് ബോട്ടുകളും ഓടിക്കുന്നത് മതിയായ യോഗ്യതയില്ലാത്തവരാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളും അഗ്നിശമന സംവിധാനങ്ങളും പല ബോട്ടുകളുമില്ല. നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതില്‍ തുറമുഖ വകുപ്പിന് വലിയ വീഴ്ചയുണ്ടെന്നും സിഎജി പറയുന്നു.