മൂന്നാർ: മൂന്നാറിലെ ചൊക്കനാട് എസ്‍റ്റേറ്റ് ക്വാർട്ടേഴ്സിൽ വീട്ടമ്മയെ പൊളളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്നാർ ചൊക്കനാട് എസ്‍റ്റേറ്റ് സൗത്ത് ഡിവിഷനിൽ ഗണേഷന്‍റെ ഭാര്യ ഷൺമുഖവള്ളിയെയാണ് പെള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.

രാവിലെ ഗണേഷൻ തേയില കമ്പനിയിൽ ജോലിക്ക് പോകുമ്പോൾ ഭാര്യ കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. എട്ടരയോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട തോട്ടം തൊഴിലാളികൾ ഗണേശനെ വിവരം അറിയിച്ചു. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വീട്ടമ്മയെ രക്ഷിക്കാനായില്ല. ആളുകൾ ഓടി എത്തുമ്പോഴേക്കും മുറി മുഴുവൻ ആളിക്കത്തുകയായിരുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെയാണ് തീയണച്ചത്.

മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്ന പൊലീസിന് മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു. ആത്മഹത്യയാവാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഷൺമുഖവല്ലി തൈറോയ്ഡ് രോഗത്തിന് മരുന്നു കഴിച്ചിരുന്നു. ചില കുടുംബ പ്രശ്നങ്ങളും ഇവരെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമാർട്ടത്തിനായി മാറ്റി.