കണ്ണൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് പിടിയിലായ വീട്ടമ്മ ബംഗാളിയുമായി അടുത്തത് വീട് പണിക്ക് വന്നപ്പോള്‍. മൊകേരിയില്‍ ശ്രീധരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ഗിരിജ (35), ഭാര്യാമാതാവ് (ദേവി (60) പശ്ചിമ ബംഗാള്‍ സ്വദേശി പരിമള്‍ ഹര്‍ദാന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവ് ശ്രീധരനെ ഒഴിവാക്കി പരിമളിനൊപ്പം ജീവിക്കുന്നതിന് ഗിരിജ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നു. ആദ്യം സ്വാഭാവിക മരണമെന്ന് കരുതപ്പെട്ടിരുന്ന സംഭവം കൊലപാതകമാണെന്ന് പിന്നീട് വ്യക്തമായി.
കഴിഞ്ഞ മാസം എട്ടിനാണ് ശ്രീധരന്‍ വീട്ടില്‍ മരിച്ചത്. ഹൃദയാഘാതമെന്നാണ് ഗിരിജ പുറത്ത് പറഞ്ഞിരുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹത വര്‍ധിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അഞ്ച് മാസം മുമ്പ് വീട് പണിക്ക് വന്ന പരിമളുമായി ഗരിജ പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ അയാളെ കൊന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മരണത്തിലെ ദുരൂഹത പുറത്ത് വന്നതോടെ ഇവരുടെ പദ്ധതി പാളി.
ഗിരിജയേയും അമ്മയേയും പോലീസ് ചോദ്യം ചെയ്ത വിവരം അറിഞ്ഞ് പരിമള്‍ നാട് വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗിരിജയില്‍ നിന്നും ലഭിച്ച മൊബൈല്‍ നമ്പര്‍ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് വ്യക്തമായി. ഗിരിജയുമായി നാട് വിടാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തിയ ഇയാള്‍ക്ക് പിന്നാലെ പോലീസുമുണ്ടായിരുന്നു. ഗിരിജ ഉള്‍പ്പെടെ അറസ്റ്റിലായവരെ ഇന്ന് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
