ഇടുക്കി: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മാട്ടുപ്പെട്ടി ജലാശയത്തില്‍ ഹൗസ്‌ബോട്ടുകള്‍ ഓടിത്തുടങ്ങി. കൂടുതല്‍ സഞ്ചാരികള്‍ക്ക് ബോട്ടിംഗ് നടത്താനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. പുതുതായി എത്തിച്ച ബോട്ടില്‍ ഒരേ സമയം 50 പേര്‍ക്ക് വരെ യാത്ര ചെയ്യാനാകും. ഇത്തരത്തിലുള്ള രണ്ട് ബോട്ടുകളാണ് എത്തിച്ചിട്ടുള്ളത്. 

ഒരേ സമയം 25 പേര്‍ ഉണ്ടായാലും ബോട്ടിംഗ് നടത്തും. മാട്ടുപ്പെട്ടി ഡാമിനോട് ചേര്‍ന്നുള്ള സണ്‍മൂണ്‍ വാലി പാര്‍ക്കിലാണ് ബോട്ടുകള്‍ എത്തിയിട്ടുള്ളത്. ഹൈഡല്‍ ടൂറിസം വകുപ്പിന്റെ കീഴിലായിരിക്കും ബോട്ടിംഗ് പ്രവര്‍ത്തിപ്പിക്കുന്നത്. കൂടുതല്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളുന്ന ബോട്ടുകള്‍ എത്തിച്ചതോടെ സന്ദര്‍ശകര്‍ക്ക് ഹരം പകര്‍ന്നു. 

ഇതാദ്യമായാണ് ഇത്രയും പേരെ ഉള്‍ക്കൊള്ളുന്ന ബോട്ടുകള്‍ മൂന്നാറിലെത്തിക്കുന്നത്. രണ്ടുപേര്‍ സഞ്ചരിക്കുന്ന ബോട്ടുകള്‍ക്ക് പുറമേ അഞ്ചോ ആറേ പേര്‍ കയറുന്ന ബോട്ടുകള്‍ മാത്രമാണ് മാട്ടുപ്പെട്ടിയില്‍ ഉണ്ടായിരുന്നത്. സീസണ്‍ കാലയളവില്‍ ഏറെ നേരം കാത്തു നിന്നിട്ടും ബോട്ടിംഗ് നടത്താനുള്ള അവസരം ലഭിക്കാതെ മടങ്ങുന്ന നിരവധി സഞ്ചാരികളുണ്ടായിരുന്നു. മാട്ടുപ്പെട്ടിയില്‍ ഹൗസ് ബോട്ട് എത്തിക്കാന്‍ സഞ്ചാരികള്‍ നിരന്തരം ആവശ്യപ്പെട്ടു വന്നിതിന്റെ ഫലമാണ് പുതിയ ഹൗസ് ബോട്ടുകള്‍ എത്തിയത്.