കാസര്‍ഗോഡ്: സഹകരണ ഹൗസിംഗ് സൊസൈറ്റി കിടപ്പാടം ജപ്തി ചെയ്തു വിറ്റതോടെ നീലശ്വരം മീര്‍കാനത്ത് ആദിവാസി കുടുംബം പെരുവഴിയില്‍. മീര്‍കാനത്ത് വലിയവീട്ടില്‍ രാജനാണ് കിടപ്പാടം നഷ്ടപെട്ടത്.കാസര്‍കോഡ് ജില്ലാ സഹകരണ ഹൗസിംഗ് സൊസൈറ്റിയുടേതാണ് നടപടി.20000 രൂപ ഭവനവായ്പയുടെ കുടിശ്ശികക്ക് 25 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്ത് തുച്ഛമായ വിലയ്ക്ക് വില്‍ക്കുകയായിരുന്നു.
വീട് അറ്റകുറ്റപണികള്‍ക്കായി 2002ലാണ് രാജൻ കാസര്‍കോഡ് ജില്ലാ സഹകരണ ഹൗസിംഗ് സൊസൈറ്റി നീലേശ്വരം ശാഖയില്‍ നിന്ന് 25000 രൂപ വായ്പ്പയെടുത്തത്. പലഘട്ടങ്ങളിലായി 8,410 രൂപ ലോണിലേക്ക് തിരിച്ചടച്ചു. കൂലിപണി കുറഞ്ഞ് തിരിച്ചടവ് മുടങ്ങിയതോടെ കടം വര്‍ദ്ധിച്ച് 77,913 രൂപയിലെത്തി. സഹകരണ സൊസൈറ്റി വീടും 25 സെന്റ് സ്ഥലവും ജപ്തിചെയ്ത് വിറ്റ് ഈ സംഖ്യ ഈടാക്കി.ഇതോടെ അച്ഛനും അമ്മയും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബവുമായി എവിടേക്ക് പോകുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് രാജൻ.
ഇവിടുത്തെ ഭൂമിയുടെ മാര്‍ക്കറ്റ് വിലയറിയാൻ ഞങ്ങള്‍ രാജന്റെ ഭൂമി വാങ്ങിയ സ്ത്രീയെ ടെലിഫോണില്‍ ബന്ധപെട്ടു. മാര്‍ക്കറ്റ് വിലയൊന്നും പരിഗണിക്കാതെയാണ് സെന്റിന് മുപ്പതിനായിരം രൂപ വിലയുള്ള രാജന്റെ ഭൂമി സഹകരണ സംഘം സെന്റിന് 3116 എന്ന നിലയില്‍ വിറ്റതെന്ന് ഇതോടെ ബോധ്യപെട്ടു.അതായത് സഹകരണ സൊസൈറ്റി അവരുടെ കുടിശ്ശികയിലേക്ക് വേണ്ട കൃത്യം 77,913 രൂപക്ക് രാജന്റെ 25 സെന്‍റ് സ്ഥലം വിറ്റു.എന്നാല്‍ ലേലത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും ഉയര്‍ന്ന വിലക്കാണ് സ്ഥലം വിറ്റതെന്നാണ് സഹകരണ സൊസൈറ്റിയുടെ വിശദീകരണം.
