കുവൈത്ത്: കുവൈത്തിന്റെ സമുദ്രാതിര്‍ത്തി വഴി ഹൂതികള്‍ക്ക് സൈനിക സഹായം എത്തിക്കുന്നതിനായിട്ടുള്ള വാര്‍ത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം.മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ജാഗ്രതയോടെ കൈാകാര്യം ചെയ്യണമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. യെമനിലെ ഹൂതികള്‍ക്ക് സൈനിക സഹായം എത്തിക്കുന്നതിന് കുവൈറ്റിന്റെ സമുദ്രാതിര്‍ത്തി ഉപയോഗിക്കുന്നതായുള്ള വാര്‍ത്ത വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്. 

ഹൂതികള്‍ക്ക് ആയുധങ്ങളും സൈനിക സഹായങ്ങളും എത്തിക്കുന്നതിന് ഇറാന്‍ കുവൈറ്റ് സമുദ്രാതിര്‍ത്തി ഉപയോഗിക്കുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി കുവൈറ്റ് നാവികസേനയുടെയും തീരദേശ സേനയുടെയും പൂര്‍ണ നിയന്ത്രണത്തിലാണ്.

ഇവിടെ സംശയാസ്പദമായ വിധത്തിലുള്ള യാതൊരു നീക്കങ്ങളോ പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് ജാഗ്രതയോടെയാവണം.രാജ്യസുരക്ഷയെയും ഐക്യത്തെയും തകര്‍ക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ്, ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് വ്യക്തത വരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.