കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയായ മഞ്ജു മുമ്പ് രണ്ട് തവണ ശബരിമല കയറാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. ശബരിമല ദർശനം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് മഞ്ജു പൊലീസിനെ സമീപിച്ചിരുന്നെങ്കിലും ഭക്തരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് പറഞ്ഞ് പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയായ മഞ്ജു മുമ്പ് രണ്ട് തവണ ശബരിമല കയറാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. ശബരിമല ദർശനം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് മഞ്ജു പൊലീസിനെ സമീപിച്ചിരുന്നെങ്കിലും ഭക്തരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് പറഞ്ഞ് പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു.
ഒക്ടോബർ മാസം പത്തൊൻപതിന് മഞ്ജു മലകയറാൻ എത്തിയപ്പോൾ തന്നെ സന്നിധാനത്തും കാനനപാതയിലും പമ്പയിലും ഭക്തർ പ്രതിഷേധമുയർത്തി സംഘടിച്ചു. തുടർന്ന് മോശം കാലാവസ്ഥയാണെന്നും ആക്രമണസാധ്യതയുണ്ടെന്നും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചു. പക്ഷേ താൻ വ്രതം എടുത്തുവന്ന വിശ്വാസിയാണ്, അയ്യപ്പദർശനം നടത്തണം എന്ന് മഞ്ജു ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ സംരക്ഷണം നൽകാൻ പൊലീസ് അന്ന് ഒരു ഘട്ടത്തിൽ തീരുമാനിച്ചതായിരുന്നു. 100 പേരടങ്ങുന്ന സംഘത്തെ മഞ്ജുവിന്‍റെ സുരക്ഷയ്ക്കായി സജ്ജമാക്കുകയും ചെയ്തു.
എന്നാൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം മഞ്ജുവിന്‍റെ പേരിൽ സംസ്ഥാനത്ത് പല ജില്ലകളിലായി 15 കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ കേസുകളെക്കുറിച്ച് വിശദമായി അന്വേഷിച്ചതിന് ശേഷമേ ശബരിമല കയറാൻ അനുവദിക്കൂ എന്ന് പൊലീസ് അന്ന് നിലപാട് എടുത്തു. ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് തന്‍റെ പേരിൽ ഉള്ളതെന്നും അയ്യപ്പഭക്തയാണെന്നും ആവർത്തിച്ച് ശബരിമല ദർശനത്തിന് സുരക്ഷ തേടി വീണ്ടും പൊലീസിനെ സമീപിച്ചെങ്കിലും ആക്ടിവിസ്റ്റുകൾക്ക് ദർശനം നടത്താൻ സുരക്ഷ നൽകേണ്ടതില്ല എന്ന നിലപാടിലായിരുന്നു പൊലീസ്.
ഈ സാഹചര്യത്തിലാണ് പൊലീസിന്‍റെ സുരക്ഷ തേടാതെ ശബരിമലയിലേക്ക് വരാൻ മഞ്ജു തീരുമാനിച്ചത്. തൃശൂരിൽ നിന്നാണ് പമ്പയിലേക്ക് പുറപ്പെട്ടത്. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ പിന്തുണയും മഞ്ജുവിന് ഉണ്ടായിരുന്നു. തൃശ്ശൂരിൽ നിന്നും അങ്കമാലി വഴി നിലയ്ക്കലേക്ക് കെഎസ്ആർടിസി ബസിലാണ് എത്തിയത്. നിലയ്ക്കൽ ബസിറങ്ങി ചായ കുടിച്ചതിന് ശേഷം കെഎസ്ആർടിസി ബസിൽ തന്നെ പമ്പയിലെത്തി. നിലയ്ക്കലിൽ വച്ച് പൊലീസ് ചില വാഹനങ്ങളിൽ കയറി യുവതികളുണ്ടോ എന്ന് പരിശോധിക്കുന്നതും കണ്ടെത്തിയ ചില യുവതികളെ പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്നതും കണ്ടു. കഴിഞ്ഞ തവണ ശബരിമല കയറാൻ ശ്രമിച്ചപ്പോൾ തനിക്ക് സംരക്ഷണം തന്ന സംഘത്തിലുണ്ടായിരുന്ന ഒരു പൊലീസ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന. അദ്ദേഹത്തിന് പോലും തന്നെ മനസ്സിലായില്ല. വഴിയിലെവിടെയും തനിക്കെതിരെ ഒരു പ്രതിഷേധവും ഉണ്ടായില്ലെന്നും മഞ്ജു പറഞ്ഞു. പമ്പയിലെത്തി പുലർച്ചെ നാല് മണിക്കാണ് മല ചവിട്ടിത്തുടങ്ങിയത്.

'നവോത്ഥാനകേരളം ശബരിമലയിലേക്ക്' ഗ്രൂപ്പിലെ ചിലരും മഞ്ജുവിന് ഒപ്പം മല കയറി. മുടിയിൽ ഭസ്മം പുരട്ടിയിരുന്നതുകൊണ്ട് യുവതിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. ഒരു സാധാരണ ഭക്ത മല ചവിട്ടുന്നതുപോലെ പമ്പയിൽ നിന്ന് മറ്റ് ഭക്തർക്കൊപ്പം തന്നെയാണ് ശബരിമലയിലേക്ക് പോയതെന്നും മഞ്ജു പറഞ്ഞു. ശബരിമലയിൽ ഒരു യുവതി പ്രവേശിച്ചാൽ അവിടെ എന്തെല്ലാം പ്രതിഷേധങ്ങൾ ഉണ്ടാകും എന്ന് പഠിച്ചതിന് ശേഷമായിരുന്നു യാത്രക്ക് തുനിഞ്ഞത്. ഉച്ചത്തിലുള്ള നാമജപം കേൾക്കുമ്പോഴൊക്കെ തന്നെ പ്രതിരോധിക്കാൻ പ്രതിഷേധക്കാർ എത്തുകയാണോ എന്ന് ഭയപ്പെട്ടു. എന്നാൽ എല്ലാം അയ്യപ്പനിൽ സമർപ്പിച്ച് യാത്ര തുടരാൻ തനിക്കായെന്ന് മഞ്ജു പറയുന്നു. പതിനെട്ടാം പടിയുടെ ഇടത് ഭാഗത്ത് തേങ്ങയുടച്ച ശേഷം പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി അയ്യപ്പനെ തൊഴാനായി.
പുറത്ത് കാണുന്നതുപോലെ ഒരു പ്രതിഷേധവും ശബരിമലയിൽ താൻ കണ്ടില്ലെന്ന് ബിന്ദു പറയുന്നു. താൻ എങ്ങോട്ടു പോയാലും പൊലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. അത് അനുസരിച്ചിരുന്നെങ്കിൽ താൻ ശബരിമലയിൽ എത്തിയ കാര്യം സംഘപരിവാർ പ്രവർത്തകർ അറിയുമായിരുന്നു. അതേസമയം ആചാരസംരക്ഷകർ എന്ന് പറഞ്ഞ് സന്നിധാനത്ത് നിൽക്കുന്നവരുടെ സഹായം പോലും തനിക്ക് കിട്ടി. ഇരുമുടിക്കെട്ടിലെ പൂജാദ്രവ്യങ്ങൾ എവിടെയെല്ലാമാണ് സമർപ്പിക്കേണ്ടത് എന്ന് തനിക്കറിയില്ലായിരുന്നു. ദർശനം കഴിഞ്ഞതിന് ശേഷം അയ്യപ്പ സേവാസംഘം പ്രവർത്തകരോടാണ് അത് ചോദിച്ചത്. മലരും ഭസ്മവും മഞ്ഞൾപ്പൊടിയുമെല്ലാം എവിടെയാണ് സമർപ്പിക്കേണ്ടതെന്ന് അവർ തന്നെയാണ് പറഞ്ഞുതന്നത്.

സന്നിധാനത്തും പരിസരത്തും പലർക്കും തന്നെ മനസ്സിലായിട്ടുണ്ടെന്ന് പലരും മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് നോക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവർ സഹായിച്ചു. വെള്ളം ആവശ്യപ്പെട്ടില്ലെങ്കിലും പലരും കുടിവെള്ളം കൊണ്ടുവന്ന് തന്നു. തന്നെ മനസ്സിലാക്കിയ ചിലർ 'മഞ്ജു തന്നെയാണ്' വന്നത് എന്ന് ഫോണിൽ പറയുന്നതും കണ്ടു. മലയിറങ്ങി തിരിച്ച് കോട്ടയത്ത് എത്തിയപ്പോൾ റയിൽവേ സ്റ്റേഷനിൽ വച്ച് ചിലർ തിരിച്ചറിഞ്ഞ് സംഘടിക്കുന്നത് കണ്ടു. ഉടൻ വനിതകളുടെ വിശ്രമമുറിയിലെ ശുചിമുറിയിൽ കയറി വാതിലടച്ചു. 'ശബരിമലയിൽ പോയ ആളിവിടെയുണ്ടോ?' എന്നന്വേഷിച്ച് ചിലർ പുറകേ എത്തി. ഒരു മണിക്കൂറോളം ശുചിമുറിയിൽ തുടർന്നതിന് ശേഷമാണ് പുറത്തിറങ്ങിയത്. അവിടെ നിന്ന് കുളിച്ച് വേഷം മാറിയാണ് പുറത്തിറങ്ങിയതെന്നും മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
