എലിശല്യം തീര്‍ത്ത് 'പുലിവാല് പിടിച്ച്' സര്‍ക്കാര്‍

First Published 22, Mar 2018, 10:28 PM IST
how much money needed to kill three lakh rats asks bjp leader
Highlights
  • എലിയെക്കൊല്ലാന്‍ കരാര്‍, വിമര്‍ശനവുമായി ബിജെപി നേതാവ്
  • കൊന്ന എലികളുടെ എണ്ണത്തെച്ചൊല്ലി തര്‍ക്കവുമായി ബിജെപിയിലെ മുതിര്‍ന്ന നേതാവ്

മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ കൊന്നൊടുക്കിയ എലികളുടെ എണ്ണത്തച്ചൊല്ലി തര്‍ക്കവുമായി മുതിര്‍ന്ന ബിജെപി നേതാവ് മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന ഏക്നാഥ് ഖഡ്സെ. സെക്രട്ടേറിയറ്റിലെ എലികളെ കൊല്ലാനായി നല്‍കിയ കരാറിനെച്ചൊല്ലിയാണ് തര്‍ക്കം. മൂന്ന് ലക്ഷത്തിലധികം എലികളെ കൊല്ലാന്‍ ഏഴ് ദിവസം കൊണ്ട് സാധിക്കുന്നത് എങ്ങനെയാണ് എന്ന് ഖഡ്സെ ചോദിക്കുന്നു. എലികളെ കൊല്ലാല്‍ ചെലവിട്ട തുകയെപ്പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു ഖഡ്സെയുടെ ചോദ്യങ്ങള്‍. 

മഹാരാഷ്ട്രയിലെ തന്നെ ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ ആറ് ലക്ഷം എലികളെ കൊല്ലാന്‍ രണ്ട് വര്‍ഷത്തെ സമയമാണ് എടുത്തതെന്നും ഖഡ്സെ ചൂണ്ടിക്കാണിക്കുന്നു. സെക്രട്ടറിയേറ്റിലെ എലിശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് എലിയെ കൊല്ലാനായി കരാര്‍ വിളിച്ചത്. ആറു മാസത്തെ സമയമായിരുന്നു എലിയെക്കൊല്ലാനായി അനുവദിച്ചത്. എന്നാല്‍ എലികളെ ഏഴ് ദിവസം കൊണ്ട് കൊന്നൊടുക്കിയെന്നാണ് കരാര്‍ എടുത്ത കമ്പനി അവകാശപ്പെടുന്നത്. 

ഓരോ ദിവസവും നാല്‍പത്തയ്യായിരം എലികളെ കൊല ചെയ്യാന്‍ സാധിക്കുമോയെന്ന് ഖഡ്സെ ചോദിക്കുന്നു. ഓരോ മിനിറ്റിലും മുപ്പത്തൊന്നിലധികം എലികളെ കൊന്നെന്നാണ് കമ്പനി അവകാശപ്പെടുന്നതെന്ന് ഖഡ്സെ പരിഹസിച്ചു. എന്നാല്‍ ഇവയുടെ മൃതദേഹം  എങ്ങനെ നശിപ്പിച്ചുവെന്നതിനെക്കുറിച്ച് കമ്പനി പറയുന്നില്ലെന്നും ഖഡ്സെ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ കമ്പനിയെ കരാര്‍ ഏല്‍പ്പിക്കുന്നതിന് പകരം പത്ത് പൂച്ചകളെ നിയോഗിക്കുന്നതായിരുന്നു സംസ്ഥാനത്തിന് ആരോഗ്യപരമെന്നും ഖഡ്സെ പരിഹസിച്ചു. 

എലിയെക്കൊല്ലാന്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ സൂക്ഷിച്ച വിഷം ഉപയോഗിച്ചാണ് ഫെബ്രുവരിയില്‍ ധര്‍മ പട്ടീല്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും ഖഡ്സെ ആരോപിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരത്തിലായിരുന്നു പാട്ടീല്‍. 

loader