
കൊട്ടിഘോഷിക്കപ്പെട്ട് നടപ്പിലാക്കിയ കൊച്ചി മെട്രോയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശുഭസൂചകമല്ല. കൊച്ചി മെട്രോയുടെ വരവും ചെലവും തമ്മിൽ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണെന്ന പുതിയ കണക്ക്. പ്രതിദിന ടിക്കറ്റ് കലക്‌ഷൻ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം വരും. ചുരുക്കം പറഞ്ഞാല്‍ മെട്രോ തുടര്‍ന്ന് ഓടണമെങ്കില്‍ കെഎസ്ആര്‍ടിസി ഓടിക്കാന്‍ സര്‍ക്കാര്‍ പണം കൊടുക്കുന്നത് പോലെ മെട്രോയ്ക്കും പണം കൊടുക്കണമെന്ന് ചുരുക്കം.
ആലുവ മുതല്‍ പേട്ടവരെ ഏതാണ്ട് 25 കിലോമീറ്ററോളം നീളത്തില്‍ മെട്രോ പണിയുന്നതിനായി 2011 ഇല്‍ സമര്‍പ്പിച്ച പ്രോജകറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രതിദിന റൈഡര്‍ഷിപ്പ് പൊട്ടെന്‍ഷ്യല്‍ 3,81,868 ഓളം വരുമെന്നായിരുന്നു. നിലവില്‍ 18 കിലോമീറ്ററോളം മെട്രോ പൂര്‍ത്തിയായിട്ടും ഇതിന്റെ നാലില്‍ ഒന്നു പോലും ആളുകളേപ്പോലും ആകര്‍ഷിക്കാന്‍ മെട്രോയിക്ക് ആയില്ല എന്നതാണ് വസ്തുത.

ഇത്രയധികം ഹൈപ്പില്‍ രൂപീകരിക്കപ്പെട്ട മെട്രോയിക്ക് എന്തുകൊണ്ടാണ് ജനപിന്‍തുണ കിട്ടാതെ പോയതെന്ന ചിന്തിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ കാണാന്‍ സാധിക്കും. അതില്‍ ഏറ്റവും പ്രധാനം വിവിധ മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ്ങ് അപര്യാപ്തത തന്നെയാണ്. ബൈക്കിലോ കാറിലോ മെട്രോ സ്റ്റേഷനില്‍ എത്തി വാഹനം പാര്‍ക്ക് ചെയ്ത് തുടര്‍ യാത്രക്ക് മെട്രോ ഉപയോഗിക്കുക എന്ന മോഡല്‍ ഈ 18 കിലോ മീറ്ററുകള്‍ക്ക് ഇടയില്‍ പ്രായോഗികമല്ല.
പിന്നെ മെട്രോ ഉപയോഗിക്കേണ്ടത് ബസില്‍ സഞ്ചരിക്കുന്ന ആളുകളാണ് അവരെ സംബന്ധിച്ച് മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ തന്നെ ഓട്ടോ വിളിക്കേണ്ട അവസ്ഥയിലാണ് പല സ്റ്റേഷനുകളും . ആദ്യ സ്റ്റേഷനായ ആലുവ ഉദാഹരണമായി എടുത്താല്‍ റെയില്‍വേസ് സ്റ്റേഷനില്‍ നിന്നോ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നോ ഓട്ടോയോ ബസൊ പിടിച്ച് മെട്രോ സ്റ്റേഷനില്‍ എത്തിയാല്‍ മാത്രമെ മെട്രോ സൌകര്യം ഉപയോഗിക്കാന്‍ പറ്റൂ. എന്നാലും സാധാരണ ബസ് യാത്രികരെ സംബന്ധിച്ച് താരതമ്യേന ഉയര്‍ന്ന മെട്രോ ചാര്‍ജ്ജ് അഫോര്‍ഡബിള്‍ ആകണമെന്നും ഇല്ല.

ചുരുക്കം പറഞ്ഞാല്‍ ഇപ്പോള്‍ മെട്രോ സര്‍ക്കാരിന്റെ ബാധ്യതയായി എന്നതാണ് വസ്തുത. 22 ലക്ഷം രൂപ പ്രതിദിനം നല്‍കി മെട്രോ ഓടിക്കേണ്ട് അവസ്ഥയിലാണ് സര്‍ക്കാര്‍ . സത്യത്തില്‍ ഇത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും കണ്ണ് തുറപ്പിക്കേണ്ട ഒരു സംഗതിയാണ്. എത്രയൊക്കെ ഗുണങ്ങള്‍ പറഞ്ഞാലും ഇത്തരം വന്‍കിട പ്രോജക്റ്റുകള്‍ കൊണ്ടുനടക്കാനുള്ള സാമ്പത്തിക ശക്തി കേരളത്തിനുണ്ടോ എന്ന് പരിശോധിച്ചിട്ട് മാത്രമെ ഇത്തരം പ്രോജക്റ്റുകള്‍ക്കായി ഇനിയെങ്കിലും ഇറങ്ങിത്തിരിക്കാവൂ.
മെട്രോ പണിയാനായി വിവിധ ഏജന്‍സികളെക്കൊണ്ട് തട്ടിക്കൂട്ടിയ അനുകൂല പ്രോജകറ്റ് റിപ്പോര്‍ട്ടുകള്‍ ഒക്കെ പുന:പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
അതിലെ പ്രോജക്റ്റഡും ആക്‌ച്യുലും തമ്മില്‍ ഒരു താരതമ്യം പഠനം നടത്തണം . സര്‍ക്കാര്‍ ഇനി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന മെട്രോ വികസന പദ്ധതികള്‍ക്കെല്ലാം ഇതൊരു ബഞ്ച് മാര്‍ക്ക് ആകണം . ഇതിനെ അടിസ്ഥാനപ്പെടുത്തി വേണം ഇനി ഇത്തരം പദ്ധതികള്‍ക്ക് ഇറങ്ങിത്തിരിക്കാന്‍.
വീണ്ടും മെട്രോയിലേക്ക് വന്നാല്‍ മാധ്യമ സമ്മര്‍ദ്ദം കൊണ്ട് വെറുതെ 22 ലക്ഷം രൂപ പ്രതിദിനം നല്‍കിയേക്കാമെന്ന് തീരുമാനിക്കരുത്. എങ്ങനെ പരമാവധി ആളുകളെ മെട്രോയിലേക്ക് അടുപ്പിക്കാമെന്നുള്ള ഒരു പഠനം നടത്തണം. ഇനി നമുക്ക് വേണ്ടത് മെട്രോ നല്‍കുന്ന പബ്ലിക്ക് റിലേഷന്‍ ഡാറ്റ അല്ല. മറിച്ച് ക്രിത്യമായ കോസ്റ്റ്/ ബെനഫിറ്റ് അനാലിസിസ് തന്നെ നടത്തണം . 22 ലക്ഷം രൂപ പ്രതിദിനം നല്‍കുമ്പോള്‍ അതിനുള്ള യൂട്ടിലിറ്റി ഉണ്ടാക്കാന്‍ എന്ത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാനെങ്കിലും സര്‍ക്കാരിന് കഴിയണം . അല്ലെങ്കില്‍ കൊച്ചി മെട്രോയും മറ്റൊരു വെള്ളാനയാകാന്‍ അധികം കാലം കാത്തിരിക്കേണ്ടിവരില്ല.

