'ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കുമുള്ളില്‍ പാമ്പിന്‍റെ സാന്നിധ്യമറിഞ്ഞാല്‍ അത് പൊളിക്കാന്‍ നില്‍ക്കരുത്'
പ്രളയത്തിന്‍റെ രക്ഷാദൗത്യം അവസാനഘട്ടത്തില്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ പലയിടങ്ങളിലും വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് തിരികെ പോവാന്‍ ആവാത്ത സ്ഥിതിയാണ്. പല വീടുകളും വെള്ളം കയറി വാസയോഗ്യമല്ലാതായതാണ് കാരണം. വീടുകളുടെ ശുചീകരണം അടക്കമുള്ള പുനരധിവാസ നടപടികള്‍ ധ്രുതഗതിയില്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പ്രളയത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോള്‍ നേരിടുന്ന ഭീഷണികളിലൊന്നാണ് ഇഴജന്തുക്കളുടെ സാന്നിധ്യം. വെള്ളം കയറിയിറങ്ങിയ വീട് വൃത്തിയാക്കുമ്പോള്‍ പാമ്പുകളെ എങ്ങനെ സൂക്ഷിക്കണം? വാവ സുരേഷ് പറയുന്ന മുന്‍കരുതല്‍ ഇങ്ങനെ..
പാമ്പിനെ പേടിക്കരുതെന്നും ശ്രദ്ധ മതിയെന്നും പറയുന്നു സുരേഷ്. "വീടുകളിലെത്തുമ്പോള്‍ ചവിട്ടി, തുണികള്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ക്ലോസറ്റ്, വാഷ് ബേസിന്‍, അലമാര, കാണാന്‍ കഴിയാത്ത ഇടങ്ങള്‍, വാതിലുകള്‍ക്കടുത്തുള്ള വിടവുകള്‍ എന്നിവിടങ്ങളില്‍ പാമ്പുകളുടെ സാന്നിധ്യത്തിന് സാധ്യത ഏറെയാണ്.
തുണികള്‍, ഷൂസുകള്‍ എന്നിവ ഒരു കാരണവശാലും നേരിട്ട് എടുക്കാന്‍ ശ്രമിക്കരുത്. നീളമുള്ള കമ്പുപയോഗിച്ച് തുണി, ഷൂസ് എന്നിവ തട്ടി നോക്കിയ ശേഷമേ ഉപയോഗിക്കാവൂ. വീടിനകം നല്ലവണ്ണം വൃത്തിയാക്കിയ ശേഷം അല്‍പ്പം മണ്ണെണ്ണയോ ഡീസലോ വെള്ളവുമായി ചേര്‍ത്ത് തളിക്കണം.
ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കുമുള്ളില്‍ പാമ്പിന്‍റെ സാന്നിധ്യമറിഞ്ഞാല്‍ അത് പൊളിക്കാന്‍ നില്‍ക്കരുത്. പകരം നല്ല വെയിലുള്ള തുറന്ന സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ടാല്‍ മതിയാവും. പാമ്പിന് ചൂട് അല്‍പവും താങ്ങാന്‍ കഴിയില്ല. അത് തനിയെ പുറത്തേക്കിറങ്ങും."
തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആണ് വാവ സുരേഷിന്‍റെ മുന്‍കരുതല്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്. താന്‍ എറണാകുളം ജില്ലയില്‍ എത്തിയിട്ടുണ്ടെന്നും പാമ്പിനെ കാണുന്നവര്‍ക്കും ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കും വിളിക്കാമെന്ന് വാവ സുരേഷ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. എറണാകുളത്തിന് പുറമെ കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ തന്‍റെ സേവനം ലഭ്യമായിരിക്കുമെന്നും.
