കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കട്ട് ആത്മഹത്യക്ക് ശ്രമിച്ചു. ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന രചന എന്ന പെണ്‍കുട്ടിയോട് വെങ്കട്ട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ രചന അത് നിരസിച്ചെന്നും ആ വിഷമത്തില്‍ വെങ്കട്ട് ഫിനോയില്‍ കുടിക്കുകയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രചനക്ക് എസ്എംഎസും അയച്ചതിനു ശേഷമാണ് വെങ്കിട്ട് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെങ്കട്ടിന്റെ ജോഡിയാകാമെന്ന് താന്‍ സമ്മതിച്ചിരുന്നതായും അദ്ദേഹം അത്ര മാന്യമായാണ് പെരുമാറിയിരുന്നതെന്നും എന്നാല്‍, താന്‍ ഒരിക്കലും അദ്ദേഹത്തെ പ്രേമിച്ചിട്ടില്ലെന്നു രചന പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റാര്‍ സുവര്‍ണയിലെ സൂപ്പര്‍ ജോഡി റിയാലിറ്റി ഷോയിലൂടെ പ്രശസ്തരാണ് ഇരുവരും.

മുമ്പേ വിവാദങ്ങളുടെ കൂട്ടുകാരനാണ് ഹുച്ച വെങ്കട്ട്. പ്രശസ്ത സിനിമാ താരം രമ്യയെ താന്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ അവകാശപ്പെട്ടിരുന്നു. സംഭവത്തില്‍ രമ്യ വെങ്കട്ടിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.