കഴിഞ്ഞ 14 മുതല്‍ കെഎസ്‍ആര്‍ടിസിക്ക് ഉണ്ടായത് ദിവസവും ശരാശരി മൂന്ന് കോടി രൂപയുടെ വരുമാന നഷ്ടമാണ്. പതിനൊന്ന് ബസ് സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി

കോഴിക്കോട്: നഷ്ടങ്ങളില്‍ ആകെ മുങ്ങിയിരുന്ന കെഎസ്ആര്‍ടിസിക്ക് മഹാപ്രളയം ഏല്‍പ്പിച്ചത് കനത്ത ആഘാതം. പ്രളയകാലത്ത് കെഎസ്ആര്‍ടിസിക്ക് വരുമാനക്കണക്കില്‍ മാത്രം 30 കോടിയുടെ നഷ്ടമാണുണ്ടായത്. ബസുകളും സ്റ്റേഷനുകളും വെള്ളത്തില്‍ മുങ്ങി ഉണ്ടായ നഷ്ടം കൂടെ പരിഗണിക്കുമ്പോള്‍ ഇത് ഇനിയും ഉയരും.

ഇതിനെയെല്ലാം തരണം ചെയ്യാന്‍ 50 കോടി രൂപയുടെ സഹായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ 14 മുതല്‍ കെഎസ്‍ആര്‍ടിസിക്ക് ഉണ്ടായത് ദിവസവും ശരാശരി മൂന്ന് കോടി രൂപയുടെ വരുമാന നഷ്ടമാണ്. പതിനൊന്ന് ബസ് സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. കട്ടപ്പന സ്റ്റേഷന്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ഇരുന്നൂറിലധികം ബസുകള്‍ ഉപയോഗിക്കാനാകാതെ വിധം തകര്‍ന്നതായും മന്ത്രി വ്യക്തമാക്കി. അതേസമയം, അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ ഓടുന്ന ടൂറിസ്റ്റ് ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി 250 രൂപയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സ്ഥലത്തേക്ക് രണ്ടായിരം രൂപ വരെയാണ് പല ബസുകളും ഈടാക്കുന്നത്. ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ എല്ലാ ആര്‍ടിഒമാര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.