തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ആശ്രയിച്ചു നില്‍ക്കുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ വരുമാനത്തിലെ ഇടിവ് ബാധിച്ചേക്കുമെന്ന് ആശങ്ക

ശബരിമല: തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെ ക്ഷേത്രത്തിന്‍റെ വരുമാനത്തിലും വന്‍ഇടിവ്. മണ്ഡലകാലസീസണ്‍ തുടങ്ങി 13 ദിവസം പിന്നിടുന്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 31.20 കോടി രൂപയുടെ കുറവാണ് ശബരിമലയിലെ വരുമാനത്തിലുണ്ടായത്. 

കഴിഞ്ഞ വര്‍ഷം ആദ്യത്തെ 13 ദിവസത്തില്‍ 50 കോടി 59 ലക്ഷം വരുമാനമായി ലഭിച്ചിരുന്നു. ഇക്കുറി 19 കോടി 37 ലക്ഷം രൂപയാണ് ലഭിച്ചിരിക്കുന്നത്. കാണിക്കയായി 17.78 കോടി രൂപ കഴിഞ്ഞ വര്‍ഷം ലഭിച്ചപ്പോള്‍ ഇക്കുറി അതേസ്ഥാനത്ത് 9.13 കോടി മാത്രമാണ് ലഭിച്ചത്. 

ശബരിമലയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്കാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എത്തിചേര്‍ന്നിരിക്കുന്നത്. ദേവസ്വം ബോര്‍‍ഡിന് കീഴിലുള്ള ആയിരത്തോളം ക്ഷേത്രങ്ങളിലേക്കുള്ള സാന്പത്തികസഹായം ഇതോടെ മുടങ്ങും. ദേവസ്വം ജീവനക്കാരുടെ ശന്പളം, പെന്‍ഷന്‍ എന്നിവയേയും ഇതു ബാധിച്ചേക്കും.