Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവളത്തെ പിന്നോട്ടടിച്ച് ഉയർന്ന ടിക്കറ്റ് നിരക്ക്

കൊച്ചി വിമാനത്താവളം കൂടുതൽ വിമാനങ്ങളും കുറഞ്ഞ നിരക്കുമായി അയൽ പക്കത്തുള്ളപ്പോൾ പോക്കറ്റ് കാലിയാക്കി തിരുവനന്തപുരത്ത് നിന്ന് യാത്ര പോവാൻ യാത്രക്കാർ മടികാണിക്കും. യൂസർ ഡെവലപ്മെന്‍റ് ഫീ എന്ന പേരിൽ 1160 രൂപയാണ് ഒരു യാത്രക്കാരൻ നൽകേണ്ടത്.കൊച്ചിയിൽ ഈ ഇനത്തിൽ ഒരു രൂപ പോലും നൽകേണ്ടതില്ല.

huge price for tickets from tvm airport
Author
Trivandrum, First Published Feb 13, 2019, 9:23 AM IST

തിരുവനന്തപുരം: ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം പിന്നോട്ട് പോകുകയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. കൊച്ചി വിമാനത്താവളത്തെക്കാൾ ശരാശരി പത്ത് ശതമാനം മുതൽ 50 ശതമാനം വരെയാണ് തിരുവനന്തപുരത്തെ നിരക്കിലുള്ള വർധന.

തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക്  5980 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. അതേ സമയം കൊച്ചിയിൽ നിന്ന് കൊളംബോയിലെത്താൻ 4275 രൂപ മതി. 1705 രൂപയുടെ വ്യത്യാസമാണ് രണ്ട് വിമാനത്താവളങ്ങൾ തമ്മിൽ. യാത്ര ദുബായിലേക്കാണെങ്കിൽ 8554 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ശ്രീലങ്കൻ എയർലൈൻസ് മാത്രമാണ് ആ നിരക്കിൽ സർവ്വീസ് നടത്തുന്നത്. ബാക്കിയെല്ലാ വിമാന കമ്പനികളും പതിനായിരം രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

കൊച്ചിയിൽ നിന്നാകട്ടെ 7522 രൂപ മുതൽ വിമാനങ്ങളുണ്ട്. അഞ്ചു വിമാനങ്ങൾ കൊച്ചിയിൽ നിന്ന് സമാനമായ നിരക്കിൽ ദുബായിലേക്ക് യാത്രക്കാരെ എത്തിക്കുന്നുണ്ട്. കൊച്ചി വിമാനത്താവളം കൂടുതൽ വിമാനങ്ങളും കുറഞ്ഞ നിരക്കുമായി അയൽ പക്കത്തുള്ളപ്പോൾ പോക്കറ്റ് കാലിയാക്കി തിരുവനന്തപുരത്ത് നിന്ന് യാത്ര പോവാൻ യാത്രക്കാർ മടികാണിക്കും.

തലസ്ഥാനത്തെ ഐടി രംഗത്ത് വൻനിക്ഷേപം നടത്തിയ നിസ്സാൻ കമ്പനിയുടെ മേധാവികൾക്ക് ആസ്ഥാനമായ ടോക്യോവിൽ നിന്ന് തിരുവനന്തപുരത്ത് എത്തണമെങ്കിൽ കൊച്ചിയെ ആശ്രയിക്കേണ്ടി വരും. സിൽക് എയർ തിരുവനന്തപുരം സർവീസ് ഈ മാസം തന്നെ നിർത്തും. പകരം വരുമെന്ന പറയുന്ന സകൂട്ട് എയർലൈൻസിന് ബിസിനസ് ക്ലാസ് സീറ്റുകൾ ഇല്ല. ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് നിസാൻ കോർപ്പറേറ്റ് വൈസ് പ്രസിഡന്‍റ് ടോണി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വിമാനത്താവളത്തെ അനാകർഷണമാക്കുന്ന മറ്റൊരു ഘടകം യൂസർ ഡെവലപ്മെന്‍റ് ഫീ എന്ന പിരിവാണ്. 1160 രൂപയാണ് ഒരു യാത്രക്കാരൻ നൽകേണ്ടത്.കൊച്ചിയിൽ ഈ ഇനത്തിൽ ഒരു രൂപ പോലും നൽകേണ്ടതില്ല. ചെന്നൈയിലെ വമ്പൻ വിമാനത്താവളത്തിൽ പോലും 86 രൂപ മാത്രമാണ് യൂസർ ഡെവലപ്മെന്‍റ് ഫീ.

Follow Us:
Download App:
  • android
  • ios