ഇടുക്കി: മൂന്നാറില്‍ എട്ട് ടണ്‍ ഭാരമുള്ള കൂറ്റന്‍ ടാങ്ക് മണ്ണിന് മുകളില്‍ പൊങ്ങിവന്നു. മൂന്നാര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഉടമസ്ഥതയിലുള്ള ടാങ്കാണ് കഴിഞ്ഞ ദിവസം മണ്ണിന് മുകളില്‍ പ്രക്ഷപ്പെട്ടത്.
പെട്രോളിയം വകുപ്പിന്റെ കീഴിലുള്ള പമ്പ് സിവില്‍ സപ്ലൈയിസാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. എറണാകുളത്തു നിന്നും എത്തിക്കുന്ന മണ്ണെണ്ണ സപ്ലൈകോ അധിക്യതര്‍ പമ്പില്‍ ശേഖരിച്ച് മൂന്നാറിലെ ചില്ലറ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.
പത്തുവര്‍ഷം മുമ്പാണ് പത്ത് അടി ആഴത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് ടാങ്ക് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം അവധി കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് പമ്പിന് സമീപത്ത് ടാങ്ക് പൊങ്ങിവന്നതായി കണ്ടെത്തിയത്.തുടര്‍ന്ന് സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു.
24000 ലിറ്റര്‍ മണ്ണയടക്കം സൂക്ഷിച്ചിരുന്ന ടാങ്ക് പെട്ടെന്ന് മണ്ണിന് മുകളില്‍ പ്രത്യക്ഷപ്പെട്ടത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പത്തടിയിലധികം ആഴത്തില്‍ സ്ഥാപിച്ചിരുന്ന ടാങ്കിന് മുകളില്‍ കോണ്‍ക്രീറ്റ് പാളികളും ഉറപ്പിച്ചിരുന്നുവെങ്കിലും അതും തകര്‍ത്താണ് ഭീമന്‍ ടാങ്ക് പുറത്തേക്ക് വന്നത്.കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ട് സ്ഥാപിച്ചിരുന്ന ടാങ്ക് അതെല്ലാം തകര്‍ത്ത് മണ്ണിന് മുകളില്‍ പ്രത്യക്ഷപ്പെട്ടത് മറ്റെന്തെങ്കിലും പ്രതിഭാസമാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
