കാസര്‍ക്കോട്: സുനാമിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ആനുകൂല്യം നല്‍കാത്തതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കാസര്‍ക്കോട് ബേക്കലിലെ രേണുകയുടെ കുടുംബത്തിനാണ് ആനുകൂല്യം നിഷേധിച്ചത്. സംഭവത്തില്‍ കളക്ടറോടും ഉദ്യോഗസ്ഥരോടും കമ്മീഷന്‍ വിശദീകരണം തേടും. 

2004 ഡിസംബര്‍ 27 ന് കിഴൂര്‍ കടപ്പുറത്ത് സുനാമി തിരമാലയില്‍പെട്ടാണ് ബേക്കല്‍ സ്വദേശി ബാലനെ കാണാതാകുന്നത്. ബോട്ട് കരയ്ക്ക് അടുപ്പിക്കുന്നതിനിടയില്‍ തിരയില്‍പ്പെടുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സംഭവത്തിന് സാക്ഷികളാണ്. ആഴ്ചകള്‍ നീണ്ട തിരച്ചിലിലൊന്നും ബാലനെ കണ്ടെത്താനായില്ല. അന്ന് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. പതിമൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഇതൊന്നും ഈ കുടുംബത്തിന് ലഭിച്ചില്ല. മരിച്ചതിന് തെളിവില്ലെന്നാണ് അധികൃതരുടെ വാദം.

കടലില്‍ കാണാതായി ഏഴുവര്‍ഷത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ മരിച്ചെന്ന് കരുതാമെന്നാണ് വ്യവസ്ഥ. അതിനും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. അടുത്ത ബന്ധുവിന്റെ വീട്ടിലാണിപ്പോള്‍ രേണുകയുടേയും കുടുംബത്തിന്റേയും താമസം. ഇക്കാലത്തിനിടെ വന്ന മൂന്ന് സര്‍ക്കാറുകളുടെ മുന്നിലും രേണുക സഹായം തേടി എത്തിയിരുന്നു. നാരാശയായിരുന്നു ഫലം. ഉദ്യഗസ്ഥരുടെ അനാസ്ഥ കാരണം വിധവകള്‍ക്കുള്ള ആനുകൂല്യങ്ങളും പോലും രേണുകയ്ക്ക് ലഭിക്കുന്നില്ല. ഓഖിയെന്ന പേരില്‍ മറ്റൊരു ദുരന്തത്തിന് തീരദേശം സാക്ഷിയാകുമ്പോഴും അര്‍ഹമായ നഷ്ടപരിഹാരത്തിനായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഇവര്‍.