തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷന്‍റെ ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ബന്ദിനോട് അനുബന്ധിച്ച് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ ബന്ദ് ദിവസം സംസ്ഥാനത്ത് നടന്ന ചികിത്സാ നിഷേധങ്ങള്‍ അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.

ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ബന്ദ് ദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ ഒന്‍പത് മുതല്‍ പത്ത് മണി വരെ ഒ.പികള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോക്ടറെ സമരത്തിലേക്ക് വിളിച്ചിറക്കി കൊണ്ടുപോയെന്നും പരാതി ഉയര്‍ന്നിരുന്നു.

രാവിലെ എട്ട് മണിക്ക് ഓപികള്‍ പ്രവര്‍ത്തിച്ചുതുടങ്ങേണ്ട സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നെങ്കിലും ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയില്ല. ഒരു മണിക്കൂര്‍ മാത്രമായിരുന്നു ഒ.പി ബഹിഷ്‌കരണമെങ്കിലും ചികിത്സ കിട്ടാന്‍ രോഗികള്‍ക്ക് മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വന്നു. സത്രീകളും വൃദ്ധരും കുട്ടികളുമടക്കമുള്ള രോഗികള്‍ക്ക് ഏറെ നേരം ആശുപത്രികള്‍ക്ക് മുന്നില്‍ കാത്തിരേണ്ടി വന്നു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസായാല്‍ ഇതര ചികിത്സ വിഭാഗങ്ങള്‍ക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപ്പതി ചികിത്സിക്കാന്‍ അവസരം കിട്ടും. ഒപ്പം എം ബി ബി എസ് കഴിഞ്ഞവര്‍ക്ക് പ്രാക്ടിസ് ചെയ്യണമെങ്കില്‍ എക്‌സിറ്റ് പരീക്ഷ കൂടി പാസാകണം. ഇതിനെതിരാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. വിവാദ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് വിടാന്‍ തയ്യാറാണെന്ന് കേന്ദ്രം പ്രതികരിച്ചതിന് പിന്നാലെ് ഐ എം എ നിലവിലെ സമര പരിപാടികള്‍ അവസാനിപ്പിച്ചു.