തെറ്റായ മേല്‍വിലാസത്തിലേക്ക് അറസ്റ്റ് വാറണ്ട് അയച്ച വഞ്ചിയൂര്‍ സബ് കോടതി ബഞ്ച് ക്ലര്‍ക്കിന് മനുഷ്യാവകാശ കമ്മീഷന്‍ പിഴ ചുമത്തി. 25,000രൂപ പിഴ നല്‍കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജെ.ബി കോശിയുടെ ഉത്തരവ്. കേസില്‍ പ്രതിയല്ലാത്ത ദിലീപിന്റെ മേല്‍വിലാസത്തിലേക്കാണ് കോടതിയില്‍ നിന്നും വാറണ്ട് അയച്ചത്. വാറണ്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ നിന്നും ജാമ്യം നേടിയ ദീലീപ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തില്‍ ക്ലര്‍ക്കിന് സംഭവിച്ച പിഴവാണെന്ന് വ്യക്തമായതോടെയാണ് പിഴ ചുമത്താന്‍ ഉത്തരവിട്ടത്. മണി ഓര്‍ഡറായോ ഡിഡിയായോ ഈ മാസം 30നകം പണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.