ട്രാന്‍സ്‍ജെന്‍ഡറുടെ ദയാവധത്തിനുള്ള അപേക്ഷ  മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ: പട്ടിണിയിലായതിനാൽ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‍ജെന്‍ഡർ വിഭാഗക്കാരി കളക്ടർക്ക് അപേക്ഷ നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കളക്ടർക്ക് കമ്മീഷൻ നോട്ടീസയച്ചു.

തൃശൂർ തൃപ്രയാർ സ്വദേശി സുജിയാണ് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്. ബന്ധുക്കളും നാട്ടുകാരും അവഗണിക്കുന്നെന്നും പട്ടിണി കിടന്ന് മടുത്തെന്നുമാണ് സുജിയുടെ പരാതി. സംസ്ഥാനത്ത് ട്രാന്‍സ്‍ജെന്‍ഡർ വിഭാഗക്കാർ നേരിടുന്ന വെല്ലുവിളികളാണ് സുജിയുടെ പരാതിയിലെന്ന് വ്യക്തമാക്കിയ മനുഷ്യാവകാശ കമ്മീഷൻ ഇതുവരെ സർക്കാർ കൈകൊണ്ട നടപടികൾ അറിയിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകി.

ദയാവധം പ്രശ്നത്തിന് പരിഹാരമാണെന്ന് കരുതുന്നില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാർ ഉത്തരവിൽ വ്യക്തമാക്കി. ട്രാന്‍സ്‍ജെന്‍ഡർ വിഭാഗക്കാർക്ക് സർക്കാരിന്‍റെ പദ്ധതികൾ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക നീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂൺ 22ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.1989ൽ ബിഎസ്‍സി നഴ്സിംഗ് ബിരുദം നേടിയ സുജി വർഷങ്ങളായി അലഞ്ഞെങ്കിലും ആരും ജോലി നൽകിയിരുന്നില്ല. സുജിക്ക് ജോലി നൽകാൻ ഇടപെടുമെന്ന് നഴ്സിംഗ് സംഘടനകൾ അറിയിച്ചിരുന്നു.