പാലക്കാട്: ഷൊർണ്ണൂർ മനുഷ്യക്കടത്ത് കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത കുട്ടികളിൽ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങൾ ഇന്ന് മൊഴി രേഖപെടുത്തും. കുട്ടികളെ തിരികെ നാട്ടിലെത്തിക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി തീരുമാനിച്ചു. അന്വേഷണ സംഘത്തോട് ബലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

മുട്ടിക്കുളങ്ങങ്ങരയിലെ മഹിളാ മന്ദിരത്തിൽ ക‍ഴിയുന്ന പ്രായപൂർത്തിയാകാത്ത 14 പെൺകുട്ടികളടക്കം 15 പേരെ തിരികെ നാട്ടിലെത്തിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിംഗിൽ തീരുമാനമായത്. ഒഡീഷ സ്വദേശികളായ 6 പെൺകുട്ടികളുടെ രക്ഷിതാക്കൾ രേഖകളുമായി പാലക്കാടെത്തിയിട്ടുണ്ട്. ഇ‍വരെ രക്ഷിതാക്കൾക്കൊപ്പം തിരിച്ചയക്കും. ജാർഖണ്ഡിലെ കുട്ടികളുടെ രക്ഷിതാക്കൾ എത്താത്തനിനാൽ ഇവരെ അവിടെയുളള ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിക്കും. കുട്ടികളെ നാട്ടിലെത്തിക്കാനായി ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ ചുമതലപ്പെടുത്തി.

റെയിൽവെ പോലീസാണ് മനുഷ്യക്കടത്ത് അന്വേഷിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നുള്ളവരെ എത്തിച്ച ഏജൻറുമാർക്കായുളള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സംഘത്തിൽ ഉണ്ടായിരുന്ന 5 പുരുഷന്മാരും ഒരു സ്ത്രീയും റിമാൻറിലാണ്. കേസിൻറെ പുരോഗതി സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.