Asianet News MalayalamAsianet News Malayalam

അമേരിക്കയ്ക്ക് വേണ്ടി മരിച്ച മുസ്ലിം സൈനികന്‍റെ അമ്മ ട്രംപിന് നല്‍കിയ മറുപടി

Humayun Khan's Mother Responds To Trump In This Op-Ed
Author
New York, First Published Aug 1, 2016, 4:04 AM IST

ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് ഇറാഖില്‍കൊല്ലപ്പെട്ട മുസ്ലിം സൈനികന്‍റെ അമ്മയുടെ മറുപടി. മകനെ നഷ്ടപ്പെട്ട തന്‍റെ വേദന ട്രംപിന് അറിയില്ലെന്നും, ത്യാഗം എന്നാലെന്താണെന്ന് ട്രംപ് പഠിക്കണമെന്നും ഗസാല ഖാൻ തുറന്നടിച്ചു

ഡോണാൾഡ് ട്രംപിന്‍റെ വിവാദപരാമർശത്തിനെതിരെ ഡെമോക്രാറ്റുകള്‍മാത്രമല്ല, റിപ്പബ്ളിക്കുകളും രംഗത്ത് വന്നിട്ടുണ്ട്. 2004ല്‍ ഇറാഖിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തിൽ അമേരിക്കൻ സൈനികന്‍ ഹുമയൂണ്‍ഖാന്‍ കൊല്ലപ്പെട്ടിരുന്നു. ഹുമയൂണിന്‍റെ പിതാവ് ഖിസ്ര്‍ഖാന്‍കഴിഞ്ഞ ദിവസം ഫിലഡെല്‍ഫിയയില്‍ചേര്‍ന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെ ട്രംപിനെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചിരുന്നു. 

ട്രംപായിരുന്നു ഭരണാധികാരിയെങ്കില്‍ തന്‍റെ മകന്‍ അമേരിക്കയില്‍ തന്നെ ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം തുറന്നടിച്ചു. മുസ്ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ഖിസ്ര്‍ഖാന്‍റെ അഭിപ്രായ പ്രകടനം.

എന്നാല്‍, ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പരാമര്‍ശം ശ്രദ്ധിച്ചെന്നും എന്നാല്‍, ഖിസ്ര്‍ഖാന്‍റെ സമീപത്തു നിന്ന സൈനികന്‍റെ മാതാവ് ഒന്നും പറഞ്ഞില്ലെന്നും അവരെ അതിന് അനുവദിച്ചിട്ടുണ്ടാകില്ലെന്നും പരിഹാസ സ്വരത്തില്‍ ട്രംപ് പറഞ്ഞു.

ഈ അവഹേളനത്തിന് മറുപടിയുമായാണ് ഗസാല ഖാൻ രംഗത്ത് വന്നത്. 27 വയസ്സുള്ള മകനെ നഷ്ടപ്പെട്ട തന്‍റെ വേദന മുഴുവൻ അമേരിക്കയ്ക്കും അറിയാമെന്നും ഡോണാൾഡ് ട്രംപ് മാത്രം ആ വേദന അവഗണിക്കുകയാണെന്നും ഗസാല പറഞ്ഞു. ട്രംപ് ഇസ്ലാമിനെ കുറിച്ച് അ‍‍ജ്ഞനാണെന്നും ത്യാഗം എന്നാലെന്താണെന്ന് ട്രംപ് പഠിക്കണമെന്നും ഗസാല പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios