കോഴിക്കോട്: കക്കയത്ത് നായാട്ട് സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കാട്ടുമൃഗത്തെ വേട്ടയാടി മാംസവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ക്കായി പൊലീസും വനംവകുപ്പും അന്വേഷണം തുടരുകയാണ്.
കക്കയം വനാതിര്‍ത്തിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കാട്ടുപോത്തിനെ കൊല ചെയ്ത് മാംസം വില്‍ക്കാന്‍ ശ്രമിക്കുന്നതായുളള വിവരത്തെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെ.എസ്.ഇ.ബി കോളനിക്കു സമീപം മരുതോലില്‍ ബേബിയുടെ വീട്ടില്‍ പരിശോധന നടത്തുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഫോറസ്റ്റര്‍ പ്രമോദ് കുമാര്‍, ഗാര്‍ഡ് ബാലകൃഷ്ണന്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കത്തിയും ടോര്‍ച്ചും വടിയും ഉപയോഗിച്ച് ബേബിയും മകനുമുള്‍പ്പെടെ നാലുപേരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ വനപാലകര്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിന്‍റെ 35 കിലോ മാസവും മാനിന്റെ തലയടക്കമുളള മൂന്നു കൊമ്പും കാട്ടുപോത്തിന്റെ തലയടക്കമുളള കൊമ്പും ബേബിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. അക്രമികള്‍ക്കായി വനംവകുപ്പ് കക്കയം വനമേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. കൂരാച്ചുണ്ട് പൊലീസും കേസെടുത്ത് അന്വേഷണമാരംഭിച്ചു.
