റോസോ: കരീബിയന്‍ ദ്വീപ് ഡൊമിനിക്കയെ വിറപ്പിച്ച് 85 വര്‍ഷത്തിനിടയിലെ വേഗതയേറിയ മരിയ ചുഴലിക്കാറ്റ്. തീവ്രതയേറിയ അഞ്ചാം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റ് ഡൊമിനിക്കയില്‍ തിങ്കളാഴ്ച്ച രാത്രി 9.30ഓടെ 160 മൈല്‍ വേഗത്തില്‍ വീശിയടിച്ചു. തന്‍റെ വീട് പ്രളയത്തില്‍ മുങ്ങിയെന്നും വീടിന്‍റെ മേല്‍ക്കൂര കാറ്റ് കൊണ്ടുപോയെന്നും പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്കെറിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
70000ത്തിലധികം ജനങ്ങള്‍ ജീവിക്കുന്ന ഡൊമിനിക്കയില്‍ കാറ്റുണ്ടാക്കിയ നാശനഷ്ടം വ്യക്തമല്ല. മണിക്കൂറില്‍ 260 കിലോമീറ്ററില്‍ അധികം വേഗതയില്‍ അമേരിക്കന്‍ അധീനപ്രദേശമായ പ്യൂട്ടോറിക്ക ലക്ഷ്യമാക്കിയാണ് മരിയ ഇപ്പോള്‍ നീങ്ങുന്നത്. ബുധനാഴ്ച്ച മണിക്കൂറില്‍ 145 മൈല്‍ വേഗതയില്‍ പ്യൂട്ടോറിക്കയില്‍ ചുഴലിക്കാറ്റ് എത്തുമെന്ന് യു.എസ് ഹറികെയ്ന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായി പ്യൂട്ടോറിക്ക ഗവര്‍ണ്ണര്‍ റിച്ചാര്‍ഡോ റൊസല്ലോ അറിയിച്ചു. യു.എസ് പ്രസിഡന്‍റ് ഡെണാള്‍ഡ് ട്രംപും അമേരിക്കന്‍ പ്രദേശങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. ഇര്‍മ്മ ചുഴലിക്കാറ്റ് വിതച്ച കനത്ത നാശത്തിനു പിന്നാലെയാണ് കരീബിയന്‍ ദ്വീപുകളില്‍ മരിയ താണ്ഡവമാടുന്നത്.
