ശ്രീനഗര്‍: ജമ്മുകശ്മീരിലെ സംഘര്‍ഷം പരിഹരിക്കാന്‍ എല്ലാവരുമായും ചര്‍ച്ച എന്ന സര്‍വ്വകക്ഷി സംഘത്തിന്റെ പ്രമേയം ഹുര്‍റിയത്ത് നേതാക്കള്‍ തള്ളി. ആദ്യം ഇന്ത്യയും പാകിസ്ഥാനുമാണ് ചര്‍ച്ച നടത്തേണ്ടതെന്ന് ഹുറിയത്ത് നേതാവ് അബ്ദുള്‍ ഗനി ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വീണ്ടും അടുത്തയാഴ്ച കശ്മീരിലെത്തിയേക്കും.

ജമ്മുകശ്മീരിലെ സംഘര്‍ഷം പരിഹരിക്കാന്‍ എല്ലാ കക്ഷികളുമായും ചര്‍ച്ച വേണം എന്ന പ്രമേയം ഇന്നലെ സര്‍വ്വകക്ഷി യോഗം പാസാക്കിയിരുന്നു. എന്നാല്‍ കശ്മീര്‍ തര്‍ക്കപ്രദേശമാണെന്നും ഇക്കാര്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനില്ലെന്നും വിഘടനവാദി നേതാവ് അബ്ദുള്‍ ഗനി ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കാന്‍ പെരുന്നാളിന് ശേഷം രാജ്‌നാഥ് സിംഗ് വീണ്ടും താഴ്വരയില്‍ എത്തിയേക്കും. ഹുറിയത്ത് നേതാക്കളില്‍ ഭൂരിപക്ഷവും ഇപ്പോഴും ശ്രീനഗറില്‍ വീട്ടു തടങ്കലിലോ ജയിലിലോ ആണ്.