ആലപ്പുഴ: പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സാബുവിനെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മഹാദേവികാട് വികാസ് ജംഗ്ഷന് പടിഞ്ഞാറ് വിഷ്ണു ഭവനത്തില്‍ സിന്ധു(45)വാണ് വ്യാഴാഴ്ച രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ബുധനാഴ്ച രാത്രി 8.30യോടെയാണ് ഗുരുതരമായി തീ പൊള്ളലേറ്റ സിന്ധുവിനെ നാട്ടുകാരാണ് 108 ആംബുലന്‍സ് വരുത്തി ഹരിപ്പാട് ഗവ.ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. ഭര്‍ത്താവ് സാബുവാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്ന് സിന്ധു നാട്ടുകാരോട് പറഞ്ഞിരുന്നു. സംഭവ സമയം വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കൊല്ലം സൈയിന്റിഫിക് ഓഫീസര്‍ ഹരി പ്രശാന്ത്, ശാസ്ത്രീയ കുറ്റാന്വേഷണ സംഘം ഡോ. ജി അജിത് എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചു. കായംകുളം ഡി വൈ എസ്പി ബി.ബിനു, ഇന്‍സ്പെക്ടര്‍ റ്റി. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഭവ സ്ഥലം പരിശോധന നടത്തി. കുടുംബ കലഹമാണ് കാരണമെന്നും ഇവര്‍ തമ്മില്‍ നിരന്തരം വഴക്കടിക്കാറുണ്ടായിരുന്നെന്നും, അതിനാല്‍ ശ്രദ്ധിക്കാറില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. മക്കള്‍ വിഷ്ണു, അശ്വതി.
