നെയ്യാറ്റിന്‍കര: ഡോക്ടറായ ഭാര്യ മദ്യപിക്കാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഡോക്ടറായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളും നെയ്യാറ്റിന്‍കര പാലക്കടവ് രാമേശ്വരം ഹരികൃഷ്ണയില്‍ താമസിക്കുന്ന ശിശുരോഗ വിദഗ്ധയായ ഡോ. അഖിലയുടെ തലയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഭര്‍ത്താവും റേഡിയോളജിസ്റ്റുമായ അരവിന്ദിനെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് വെട്ടേറ്റ അഖിലയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഡോ. അഖില അരുമനയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. അരവിന്ദ് സ്വകാര്യ ലാബിലെ റേഡിയോളജിസ്റ്റുമാണ്. അരവിന്ദ് മദ്യപിക്കാന്‍ അഖിലയോട് പണമാവശ്യപ്പെട്ടു. എന്നാല്‍ മദ്യപിക്കാന്‍ പണം കൊടുക്കാത്തതിനെത്തുടര്‍ന്ന് അരവിന്ദ് തന്നെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നെന്ന് അഖില പോലീസില്‍ മൊഴി നല്‍കി. തലയ്ക്ക് പരിക്കേറ്റ അഖിലയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡോ. അരവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ. എസ്.ബിജോയ് പറഞ്ഞു.