എടിഎം കാര്‍ഡ്‌ ഭര്‍ത്താവിനു നല്‍കുന്നത്തിനു മുന്‍പ്  അനുമതിപത്രം നല്‍കണം എടിഎം പിന്‍ നമ്പറും കൈമാറരുത്

ബംഗളൂരു: മറ്റൊരാളുടെ കാര്‍ഡ്‌ ഉപയോഗിച്ച് പണമെടുക്കാന്‍ പോകുമ്പോള്‍ ഇനി രണ്ടുവട്ടം ആലോചിക്കണം. ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ മക്കളുടെയോ ആണെങ്കില്‍ പോലും കാര്‍ഡ്‌ ഉടമയുടെ അനുമതിപത്രമോ സെല്‍ഫ് ചെക്കോ ഇല്ലാതെ പണം പിന്‍വലിച്ചാല്‍ നിങ്ങള്‍ നിയമലംഘനമാണ് നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ആണ് ഇത് പറയുന്നത്. ബാങ്കിങ്ങ് നിയമപ്രകാരം എടിഎം കാര്‍ഡോ പിന്‍ നമ്പരോ മറ്റൊരാള്‍ക്ക് കൈമാറാവുന്നതല്ലെന്നു എസ്ബിഐ കോടതിയെ അറിയിക്കുകയായിരുന്നു. ഇതു മൂലം ഉണ്ടാകുന്ന നഷ്ടത്തിന് ബാങ്ക് ഉത്തരവാദി ആയിരിക്കില്ല. എസ്ബിഐയുടെ വാദം കോടതി ശരിവക്കുകയും ചെയ്തു. 

ബെംഗലൂരു കണ്‍സ്യൂമര്‍ കോടതിയുടേതാണ് വിധി. ബെംഗലൂരു മാറാത്തഹള്ളി സ്വദേശിയായ വന്ദന നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് എസ്ബിഐ ബാങ്കിങ്ങ് നിയമങ്ങള്‍ വ്യക്തമാക്കിയത്. 2013 നവംബര്‍ 14 നാണ് കേസിനാസ്പദമായ സംഭവം. അക്കൗണ്ടില്‍ നിന്ന് 25,000 രൂപ പിന്‍വലിക്കുന്നത്തിനാണ് വന്ദന ഭര്‍ത്താവ് രാജേഷ്‌ കുമാറിന് എടിഎം കാര്‍ഡ്‌ ഭര്‍ത്താവിനു നല്‍കിയത്. എടിഎം കൌണ്ടറിലെത്തി കാര്‍ഡ്‌ ഉപയോഗിച്ചു നോക്കി എങ്കിലും പണം ലഭിച്ചില്ല. പക്ഷെ പണം പിന്‍വലിച്ചതായ രസീതും അക്കൗണ്ടില്‍ നിന്ന് പോയതായി മെസ്സേജും വന്നു.

ഉടന്‍തന്നെ രാജേഷ്‌ എസ്ബിഐയുടെ ഹെല്‍പ് ലൈനില്‍ വിളിച്ച് അന്വേഷിച്ചു. എടിഎം തകരാര്‍ മൂലമാണ് പണം ലഭിക്കാതിരുന്നതെന്നും 24 മണിക്കൂറിനകം അക്കൗണ്ടില്‍ തിരികെ എത്തും എന്നുമാണ് അവിടെനിന്നും ലഭിച്ച ഉത്തരം. എന്നാല്‍ 24 മണിക്കൂര്‍ കഴിഞ്ഞും പണം ലഭിക്കാതായപ്പോള്‍ വന്ദനയും രാജേഷും ബാങ്കിനെ സമീപിച്ചു. എന്നാല്‍ ഇവരുടെ പരാതി തെറ്റാണെന്നും ഉപഭോക്താവിന് പണം ലഭിച്ചിട്ടുണ്ടെന്നുമാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 

തുടര്‍ന്ന് വന്ദന എസ്ബിഐയുടെ പ്രധാന ഓഫീസുകളിലും ഉപഭോക്ത തര്‍ക്ക പരിഹാര ഫോറത്തിലും പരാതി നല്‍കി. ഇതിനിടെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും അവര്‍ അപേക്ഷ നല്‍കി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും രാജേഷ്‌ കുമാറിന് പണം ലഭിച്ചിട്ടില്ല എന്ന് വ്യക്തമായി. എന്നാല്‍ ബാങ്ക് ഇതില്‍ നിന്ന് കണ്ടെത്തിയത് മറ്റൊരു കാര്യമായിരുന്നു. വന്ദനയുടെ പേരിലുള്ള എടിഎം കാര്‍ഡ്‌ ഭര്‍ത്താവാണ് ഉപയോഗിച്ചതെന്നു അന്വേഷണ സംഘം കണ്ടെത്തി. 

ഇതിനിടെ വിവരാവകാശ നിയമ പ്രകാരം നവംബര്‍ 14 ന്‍റെ എടിഎം കൗണ്ടറിന്‍റെ കാഷ് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടും വന്ദനക്ക് ലഭിച്ചു. ഇതില്‍ അന്നേ ദിവസം മെഷീനില്‍ 25000 രൂപ അധികമായി ഉണ്ടായിരുന്നതായി വ്യക്തമായി. എന്നാല്‍ ഈ വാദങ്ങളെല്ലാം എസ്ബിഐ തള്ളി. രാജേഷിനു കാര്‍ഡ്‌ കൈമാറിയത് ബാങ്കിങ്ങ് നിയമ ലംഘനമാണ് എന്നതായിരുന്നു അവരുടെ വാദം. എടിഎം, ചെക്ക്‌ ബുക്ക്‌ തുടങ്ങിയ ബാങ്കിങ്ങ് രേഖകള്‍ അക്കൗണ്ട്‌ ഉടമയല്ലാതെ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ബാങ്കിങ്ങ് നിയമങ്ങള്‍ പറയുന്നത്. എടിഎം പിന്‍ മറ്റൊരാളുമായി പങ്കുവാക്കാനും പാടില്ലെന്ന് നിയമം അനുശാസിക്കുന്നു.

ഈ കേസില്‍ ഇത്തരം എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടതായി ബാങ്ക് കോടതിയെ അറിയിച്ചു. കൂടാതെ എടിഎം മെഷീനില്‍ നിന്നും കൃത്യമായ ഇടപാട് നടന്നതിനുള്ള രേഖകളും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കേസ് തള്ളിയ കോടതി എടിഎം കാര്‍ഡ്‌ ഭര്‍ത്താവിനു നല്‍കുന്നത്തിനു മുന്‍പ് പണം പിന്‍വലിക്കാനുള്ള അനുമതിപത്രമോ സെല്‍ഫ് ചെക്കോ നല്‍കേണ്ടതായിരുന്നെന്ന് വ്യക്തമാക്കി.