മുംബൈ: യുവതിയെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. മുംബൈ വേര്‍ളി സ്വദേശിനിയായ 23കാരിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. യുവതിയുടെ മുറിച്ചു മാറ്റിയ വിരലുകള്‍ കഴിഞ്ഞ ദിവസം ശിലാപത്ത റോഡില്‍ നിന്നും കണ്ടെടുത്തു. 

സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃ മാതാപിതാക്കളെയും ഇവര്‍ വാടകയ്ക്ക് എടുത്ത ഒരു യുവാവിനെയും അറസ്റ്റ് ചെയ്തു. യുവതിയുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുന്നതിന് ഭര്‍തൃ വീട്ടുകാരെ സഹായിച്ചത് ഇയാളാണ്.

യുവതിയുടെ അറുത്ത് മാറ്റിയ തല ഇതുവരെ ലഭിച്ചിട്ടില്ല. തലയ്ക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. മുംബൈയിലെ മഹാപെ നള്ളയില്‍ നിന്നും യുവതിയുടെ തലയില്ലാത്ത ശരീരം മെയ് ആറിന് ലഭിച്ചിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. യുവതിയുടെ കൈയില്‍ ഓം വിത്ത് ഗണപതി എന്ന് പച്ച കുത്തിയിരുന്നു. 

ഇതില്‍ നിന്നുമാണ് കൊല്ലപ്പെട്ടയാള്‍ പ്രിയങ്ക ഗൗരവ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞത്. യുവതിയുടെ ഭര്‍ത്താവ് സിദ്ദേഷ് ഗൗരവ് (23), പിതാവ് മനോഹര്‍ (49), മാതാവ് മാധുരി (45) എന്നിവരാണ് അറസ്റ്റിലായത്. സിദ്ദേഷ് ഒരു ഐ.ടി കമ്പനിയില്‍ എക്‌സിക്യൂട്ടീവാണ്. 

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ചത്. യുവതി ജോലി സംബന്ധമായ അഭിമുഖത്തിന് പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്ത് വന്നു.