മൂന്ന് ദിവസം മുമ്പാണ് മുപ്പത്തിയൊന്നുകാരിയായ യുവതിയെ ഭര്‍ത്താവ് ശാരീരികമായി ആക്രമിച്ചത്. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും തന്റെ വയറ്റില്‍ ചവിട്ടുകയായിരുന്നുവെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്

താനെ: ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റില്‍ ചവിട്ടി, കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലിസ് കേസ്. അതിക്രമത്തിനിരയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് താനെ സ്വദേശിയായ ഗണേഷ് സാവെയ്ക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തി, ഭാര്യയെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പീഡനം നടത്തിയെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്. 

2017 നവംബറില്‍ വിവാഹിതയായ യുവതി, അന്നുമുതല്‍ തന്നെ സ്ത്രീധനക്കാര്യം പറഞ്ഞ് ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നാണ് പരാതിയില്‍ പരാമര്‍ശിക്കുന്നത്. ഇതനുസരിച്ച് ഗണേശിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതുവരെയും പരാതിയുടെ അടിസ്ഥാനത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

മൂന്ന് ദിവസം മുമ്പാണ് മുപ്പത്തിയൊന്നുകാരിയായ യുവതിയെ ഭര്‍ത്താവ് ശാരീരികമായി ആക്രമിച്ചത്. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും തന്റെ വയറ്റില്‍ ചവിട്ടുകയായിരുന്നുവെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പോയെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.