കാണ്‍പൂര്‍: അവിഹിത ബന്ധത്തിന്‍റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെടിവച്ച് കൊലപ്പെടുത്തി. ഫാറൂഖബാദ് ജില്ലയില്‍ മൊഹമ്മദാബാദ് കോട്വലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കന്‍ഹൌ യാക്കൂബ്പൂര്‍ പ്രദേശത്താണ് സംഭവം. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. രാവിലെ അനില്‍ കത്തേരിയയും 42 കാരിയായ ഭാര്യ പ്രീതിയും തമ്മില്‍ വഴക്കിടുകയും, ഒടുവില്‍ അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്‌ ശേഷം രക്ഷപെടാന്‍ ശ്രമിച്ച അനിലിനെ നാട്ടുകാര്‍ പിടികൂടിയ ശേഷം മൊഹമ്മദാബാദ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുള്ളതിനാലാണ് താന്‍ കൊലപ്പെടുത്തിയതെന്ന് അനില്‍ പോലീസിനോട് സമ്മതിച്ചു. ഈ വിഷയത്തില്‍ മുന്നറിയിപ്പുകള്‍ക്ക് അവള്‍ ചെവികൊടുത്തിരുന്നില്ലെന്നും അനില്‍ പോലീസിനോട് പറഞ്ഞു. കന്‍ഹൌ യാക്കൂബ്പൂര്‍ സ്വദേശിയായ അനില്‍ ഫരീദാബാദിലാണ് ജോലി ചെയ്യുന്നത്. 

പ്രീതിയും മകന്‍ മോഹിതിനും ഒപ്പം ഒരു കസിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്‌ അനില്‍ നാട്ടില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ നിയന്ത്രണംവിട്ട അനില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ഭാര്യയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

പോലീസ് അറസ്റ്റ് ചെയ്ത അനിലിന്റെ പക്കല്‍ നിന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച നാടന്‍ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രീതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഐ.പി.സി 302 പ്രകാരവും, ആംസ് ആക്റ്റ് പ്രകാരവും അനിലിനെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു