കവറിലെന്തെന്ന് പൊലീസുകാർ ചോദിച്ചു. സതീഷ് പുറത്തെടുത്തു. എല്ലാവരെയും ഞെട്ടിച്ച് ഒരു സ്ത്രീയുടെ തലയായിരുന്നു കവറിനുള്ളില്‍. സ്വന്തം ഭാര്യ രൂപയുടേതാണ് ശിരസ് എന്ന് അയാൾ പറയുന്നുണ്ടായിരുന്നു
ചിക്മഗളൂരു: അവിഹിത ബന്ധമാരോപിച്ച് ഭാര്യയുടെ തലയറുത്ത ഭർത്താവ് ശിരസുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കർണാടകത്തിലെ ചിക്മഗളൂരുവിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ മുപ്പത്തിമൂന്നുകാരിയാണ് കൊല്ലപ്പെട്ടത്. ചിക്മഗളൂരു അജ്ജപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഞെട്ടിച്ചാണ് ഒരു പ്ലാസ്റ്റിക് കവറുമായി സതീഷ് എന്നയാൾ എത്തിയത്.
വടിവാളും കയ്യിലുണ്ടായിരുന്നു. കവറിലെന്തെന്ന് പൊലീസുകാർ ചോദിച്ചു. സതീഷ് പുറത്തെടുത്തു. എല്ലാവരെയും ഞെട്ടിച്ച് ഒരു സ്ത്രീയുടെ തലയായിരുന്നു കവറിനുള്ളില്‍. സ്വന്തം ഭാര്യ രൂപയുടേതാണ് ശിരസ് എന്ന് അയാൾ പറയുന്നുണ്ടായിരുന്നു. അവളെ താൻ കൊന്നുവെന്നും പറഞ്ഞു.
അതിന് ശേഷം എന്തിനെന്ന് പൊലീസുകാരോട് സതീഷ് വിശദീകരിച്ചതിങ്ങനെ. കൂലിത്തൊഴിലാളിയും നാട്ടുകാരനുമായ സുനിൽ എന്നയാളുമായി രൂപയ്ക്ക് ബന്ധമുണ്ടായിരുന്നു. സുനിൽ ക്രിമിനലാണ്. നാലോ അഞ്ചോ കേസുകൾ അയാളുടേ പേരിലുണ്ട്. പല തവണ ഭാര്യയെ ബന്ധത്തിൽ നിന്ന് വിലക്കി.
ഏറ്റവുമൊടുവിൽ മൂന്ന് ലക്ഷം രൂപ ഭാര്യ കാമുകന് വായ്പ എടുത്തു നൽകി. ഇന്ന് ഇരുവരെയും വീടിനടുത്തുളള തോട്ടത്തിൽ വച്ച് കണ്ടു. കയ്യിൽ വടിവാളുണ്ടായിരുന്നു. ഭാര്യയുടെ കഴുത്തറുത്തു. സുനിൽ ഓടി രക്ഷപ്പെട്ടു. പറഞ്ഞു നിർത്തിയ സതീഷ് തല വീണ്ടും പ്ലാസ്റ്റിക് കവറിലിട്ടു.
പൊലീസ് സതീഷിനെ അറസ്റ്റുചെയ്തു. സതീഷും ഭാര്യയും തമ്മിൽ തർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. പലതവണ ഒത്തുതീർപ്പിനായി ഇരുവരും സ്റ്റേഷനിനിലെത്തിയിട്ടുണ്ട്. ഒമ്പത് വർഷം മുമ്പാണ് ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. രൂപയ്ക്ക് മറ്റ് പുരുഷൻമാരായി ബന്ധമുണ്ടെന്ന സതീഷിന്‍റെ സംശയമാണ് പ്രശ്നങ്ങളുണ്ടാക്കിയിരുന്നത് എന്ന് അയൽക്കാരും ബന്ധുക്കളും പറയുന്നു.
