ഒന്നര വർഷം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരാണ് ദമ്പതികൾ. തുമകുരു സ്വദേശി സുഷമയും മകനുമാണ് കൊല്ലപ്പെട്ടത്

ബംഗളൂരു: സാമൂഹ്യ മാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നതിന്‍റെ പേരിൽ ഭാര്യയെയും മൂന്ന് മാസം പ്രായമുളള കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. ബെംഗളൂരുവിന് സമീപം ബിഡദിയിലാണ് സംഭവം. ഒന്നര വർഷം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരാണ് ദമ്പതികൾ.

തുമകുരു സ്വദേശി സുഷമയും മകനുമാണ് കൊല്ലപ്പെട്ടത്. മദനായകഹളളി സ്വദേശിയായ രാജുവിനെ ഒന്നരവർഷം മുമ്പാണ് സുഷമ ഫേസ്ബുക്കിൽ പരിചയപ്പെട്ടത്. ചാറ്റിലൂടെ ബന്ധം സ്ഥാപിച്ച ഇരുവരും പിന്നീട് ഒന്നിച്ച് താമസിക്കാനും തുടങ്ങി. ബിഡദിയിലെ വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. സ്ഥിരമായി ഫേസ്ബുക്കിലൂടെ പരിചയമില്ലാത്തവരോടും ചാറ്റ് ചെയ്തിരുന്ന സുഷമയ്ക്ക് മറ്റു പലരുമായി ബന്ധമുണ്ടെന്ന് രാജുവിന് സംശയമുണ്ടായിരുന്നു.

ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ജനുവരി 19 ന് വൈകിട്ട് രാജു സുഷമയേയും മകനേയും കൂട്ടി ബൈക്ക് യാത്ര പദ്ധതിയിട്ടു. മൈസൂരു റോഡിലെത്തിയപ്പോള്‍ ബൈക്ക് വനത്തിലൂടെ വഴി തിരിച്ചു വിട്ടു. ഇതുവഴി ഒരു അമ്യൂസ്മെന്‍റ് പാർക്കിൽ എളുപ്പത്തില്‍ എത്താമെന്ന് പറഞ്ഞായിരുന്നു ഇത്.

വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി സുഷമയെ തലയ്ക്കടിച്ചും കുട്ടിയെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെ പെട്രോള്‍ ഒഴിച്ച് മൃതദേഹങ്ങള്‍ കത്തിച്ചു. പിറ്റേദിവസം ഫോറസ്റ്റ് ഗാര്‍ഡാണ് പകുതി കത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്.

ആരുടേതാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനിടെ, മകളെ കാണാനില്ലെന്ന് കാണിച്ച് ശനിയാഴ്ച സുഷമയുടെ അച്ഛൻ പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം തിരച്ചറിഞ്ഞു.

ബിഡദി പോലീസ് രാജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. സുഷമ എല്ലാ സമയവും ഫേസ്ബുക്കിലൂടെ മറ്റു പുരുഷന്‍മാരോട് ചാറ്റ് ചെയ്യുകയായിരുന്നുവെന്നും വീട്ടുകാര്യങ്ങളും കുട്ടിയുടെ കാര്യങ്ങളും നോക്കാറില്ലായിരുന്നുവെന്നും രാജു പൊലീസിനോട് പറഞ്ഞു. അതേസമയം, കുട്ടിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.