വിവാഹ മോചനം തേടി പോലീസ് സ്റ്റേഷനില്‍ എത്തിയ ഭാര്യയെ പാട്ട് പാടി പിണക്കം മാറ്റി ഭര്‍ത്താവ്. കുറച്ച് ദിവസങ്ങളായി രാജ്യത്തെ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ് ഈ വീഡിയോ. ഉത്തര്‍പ്രദേശിലെ ത്സാന്‍സി  പോലീസ് സ്‌റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തനിക്കെതിരെ പരാതി നല്‍കിയ ഭാര്യയോട് ഭര്‍ത്താവ് ദേഷ്യപ്പെടുമെന്നാണ് സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഭാര്യയേയും പോലീസുകാരെയും ഒരുപോലെ ഞെട്ടിച്ച് ഭര്‍ത്താവ് ഒരു പാട്ടങ്ങു പാടി. 

ഭാര്യയെ ചേര്‍ത്തു പിടിച്ച് ബദ്‌ലാപൂര്‍ എന്ന സിനിമയില്‍ അതിഫ് അസ്ലം പാടിയ ജീനാ-ജീനാ എന്ന ഹിറ്റ് ഗാനമാണ് ഭര്‍ത്താവ് പ്രണയാതുരനായി പാടിയത്. ഇതോടെ ഭാര്യയുടെ ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി. ഭര്‍ത്താവിന്റെ നെഞ്ചില്‍ ചേര്‍ന്നു നിന്ന് പാട്ട് ആസ്വദിക്കുകയും ചെയ്തു. വിവാഹ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വിവാഹ മോചനത്തില്‍ എത്തുന്ന ഒരു ഘട്ടത്തിലായിരുന്നു ഇവര്‍. 

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും ഫാമിലി കൗണ്‍സിലിങ് സെന്ററിലേയ്ക്ക് വിളിപ്പിച്ചപ്പോഴായിരുന്നു സംഭവം. പ്രണയത്തിന്റെ വിജയാഘോഷം എന്നു പറഞ്ഞ് ഐപിഎസ് ഓഫീസര്‍ മധൂര്‍ വര്‍മ്മയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. 'ഒരു ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടായി. മാസങ്ങള്‍ക്കു മുന്‍പ് ഭാര്യ ഭര്‍ത്താവിനെതിരെ പരാതി നല്‍കി. പക്ഷേ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് അവളെ പാട്ടു പാടി തണുപ്പിച്ചു. പ്രണയം വിജയാഘോഷം മുഴക്കുന്നു' എന്നായിരുന്നു മധുര്‍ വര്‍മ്മയുടെ ട്വീറ്റ്.