ഹൈദരാബാദ് : അടുത്തിടയായി സ്കൂളുകളില്‍ നടക്കുന്ന പീഡനങ്ങളുടെ ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു ക്രൂര സംഭവം കൂടി. യൂണിഫോം ധരിക്കാതെ എത്തിയതിന് 11 വയസ്സുകാരിയെ സ്കൂളിലെ കായിക അധ്യാപിക ആൺകുട്ടികളുടെ മൂത്രപുരയില്‍ നിര്‍ത്തി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രൂരമായ ശിക്ഷനടപടി ഉണ്ടായത്. അധ്യാപികയ്ക്ക് നേരെ പോസ്കോ നിയമം പ്രകാരം കേസ് എടുത്തിട്ടുണ്ട്. 

ക്ലാസ്മുറിയിലേക്ക് പോകുമ്പോള്‍ സ്കൂളിലെ കായിക അധ്യാപിക പെൺകുട്ടിയോട് യൂണിഫോം ധരിക്കാത്തന്തെന്ന് ചോദിച്ചു. യൂണിഫോം അമ്മ കഴുകാന്‍ ഇട്ടിരിക്കുകയാണെന്നും ഈ കാരണം അറിയിച്ചുകൊണ്ട് ഡയറിയില്‍ മാതാപിതാക്കള്‍ കുറിപ്പ് എഴുതിയിട്ടുണ്ടെന്നും കുട്ടി മറുപടി പറഞ്ഞു. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അധ്യാപിക വിദ്യാര്‍ത്ഥിനിയെ ആൺകുട്ടികളുടെ മൂത്രപുരയിലേക്ക് ബലം പ്രയോഗിച്ച് കയറ്റുകയും അവിടെ നില്‍ക്കാന്‍ പറയുകയുമായിരുന്നു.

തന്നെ നോക്കി മറ്റ് കുട്ടികള്‍ കളിയാക്കി എന്നും പെൺകുട്ടി പറയുന്നു. കുറച്ചു സമയങ്ങള്‍ക്ക് ശേഷമാണ് ക്ലാസ്സ്മുറിയിലേക്ക് പോകാനുളള അനുമതി നല്‍കിയതെന്നും പെൺകുട്ടി കൂട്ടിച്ചേര്‍ത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.