ഹൈദരാബാദ്: പരീക്ഷാ ഫീസടക്കാത്തതിനെ തുടര്‍ന്ന് പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

അമ്മയോട് ക്ഷമചോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സോറി അമ്മ, അവര്‍ എന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ലെന്നാണ് കുറിപ്പിലുള്ളത്. സ്കൂളില്‍ നിന്ന് പുറത്താക്കിയ വിവരം വീട്ടിലെത്തിയ ഉടന്‍ സഹോദരിയോട് പെണ്‍കുട്ടി പറഞ്ഞിരുന്നു. തന്നെ പേര് വിളിച്ച് ക്ലാസില്‍ നിന്ന് പുറത്താക്കിയതില്‍ പെണ്‍കുട്ടി ദുഖിതയായിരുന്നു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. മറ്റുകുട്ടികളുടെ മുമ്പില്‍ സ്കൂള്‍ അധികൃതര്‍ മകളെ കളിയാക്കിയതായും ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചു. കുടുംബത്തിന്‍റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.