യുവതിക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തു. വണ്ടി കണ്ടുകെട്ടുകയും ചെയ്തു

വാഹന നിയമങ്ങള്‍ പാലിക്കാതെ സഞ്ചരിക്കുകയെന്നത് ചിലരുടെ വിനോദമാണ്. ട്രാഫിക് സിഗ്നലുകള്‍ നോക്കാതെ ചിലര്‍ പായുമ്പോള്‍ ചിലരുടെ യാത്ര ലൈസന്‍സ് പോലുമില്ലാതെയാണ്. നിയമം തെറ്റിച്ച് സഞ്ചരിക്കുന്നവര്‍ സാധാരണഗതിയില്‍ വഴിയില്‍ പൊലീസിനെ കണ്ടാല്‍ ഭയപ്പെടാറുണ്ട്.

എന്നാല്‍ വാഹന നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി സഞ്ചരിച്ച യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ കാണുന്നവര്‍ക്കാകും ആശങ്ക. കഴിഞ്ഞ ദിവസം ഹൈദരാബാദ് നഗരത്തിലാണ് സംഭവം നടന്നത്. ഹെല്‍മറ്റ് ധരിക്കാതെയായിരുന്നു യുവതിയുടെ സഞ്ചാരം. മാത്രമല്ല വണ്‍വെയൊക്കെ പുല്ലാണെന്ന ഭാവത്തിലായിരുന്നു യാത്ര.

യുവതിയുടെ നിയമലംഘനങ്ങള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കളി കാര്യമായത്. ചോദ്യം ചെയ്ചാനെത്തിയ പൊലീസുകാരോടുള്ള 24 കാരിയു‍ടെ ഭാഷ ഒരു രക്ഷയിമില്ലാത്തതായിരുന്നു. പൊലീസിന്‍റെ മെക്കിട്ട് കയറിയ ശേഷം രക്ഷപ്പെടാമെന്നായിരുന്നു യുവതി കരുതിയത്.

എന്നാല്‍ പൊലീസുണ്ടോ വിടുന്നു. ചോദ്യംചെയ്യലും പരിശോധനയും കര്‍ക്കശമാക്കിയതോടെ യുവതി അക്ഷരാര്‍ത്ഥത്തില്‍ പെട്ടു എന്നു തന്നെ പറയാം. ലൈസന്‍സ് എവിടെയന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊരു സാധനം ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് ബോധ്യമായി. ലൈസന്‍സ് മാത്രമല്ല വാഹനത്തിന് വേണ്ട മറ്റ് പരിശോധന കടലാസുകളും ഇല്ലെന്ന് ബോധ്യമായതോടെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് വണ്ടി കണ്ടുകെട്ടി.

വണ്ടിയിറക്കാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴും യുവതിയുടെ പരാക്രമത്തിന് കുറവുണ്ടായിരുന്നില്ല. അതിനിടയില്‍ ചിലര്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോ തരംഗം തീര്‍ക്കുമ്പോള്‍ യുവതി വണ്ടി പുറത്തിറക്കാനുള്ള നെട്ടോട്ടത്തിലാണ്.

Scroll to load tweet…