നവംബര്‍ 28-ാം തീയതിയാണ്  സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് യുവതിയെ ഭര്‍ത്താവ് വിളിക്കുന്നത്. ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും  തലാഖ് ചൊല്ലുകയായിരുന്നു.

ഹൈദരാബാദ്: ഫോണിലൂടെ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്. ഹൈദരാബാദിലാണ് സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് ഫോണിലൂടെ യുവതിയെ തലാഖ് ചൊല്ലിയത്. മുഹമ്മദ് മുസമ്മില്‍ ഷെരീഫ് എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണവും യുവതി പൊലീസില്‍ ഹാജരാക്കിട്ടുണ്ട്.

നവംബര്‍ 28-ാം തീയതിയാണ് മുസമ്മില്‍ സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് യുവതിയെ വിളിക്കുന്നത്. ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഒടുവില്‍ തലാഖ് ചൊല്ലുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ എത്തിയത്. 2017 ജനുവരിയിലാണ് മുസമ്മില്‍ യുവതിയെ വിവാഹം കഴിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഇയാളുടെ അമ്മ വഴക്കിടാന്‍ തുടങ്ങി. പിന്നീട് ഗര്‍ഭിണിയായ യുവതി പ്രസവശേഷം ഭര്‍തൃഗ്രഹത്തിലേക്ക് തിരിച്ചെത്തിയ ശേഷം യുവതിയുടെ ബന്ധുക്കള്‍ പ്രശ്‌നങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും വീട്ടില്‍ നിന്നും മാറി താമസിക്കുകയും ചെയ്തു.

എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുവതിയുടെ വീട്ടിലെത്തിയിയ ഇയാള്‍ പിതാവുമായി സ്ത്രീധനത്തെച്ചൊല്ലി വഴക്കിട്ട് ഇറങ്ങിപോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ ഫോൺ വിളിച്ച് മുത്തലാഖ് ചൊല്ലിയത്. ഇത്തരത്തിൽ കഴിഞ്ഞ മാസം പഞ്ചായത്തിന്റെ മുന്നിൽ വെച്ച് തലാഖ് ചൊല്ലിയ ഭർത്താവിനെ കൈയ്യേറ്റം ചെയ്ത യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 2018 സെപ്റ്റംബറില്‍ മുത്തലാഖ് കുറ്റകൃത്യമാക്കിയുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.