ഹൈദരാബാദ്: വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരിയെ അഞ്ച് ലക്ഷം രൂപയ്ക്ക് ഒമാന്‍ സ്വദേശിക്ക് വിറ്റു. പെണ്‍കുട്ടിയെ അറബിക്കല്യാണം നടത്തി 65 കാരന്‍ ഒമാനിലേക്ക് കൊണ്ടു പോയി. ഹൈദരാബാദിലാണ് സംഭവം. പെണ്‍കുട്ടിയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഉന്നിസ പരാതി നല്‍കിയതോടെയാണ് ഇക്കാര്യം പുറം ലോകമറിയുന്നത്..

മൂന്ന് മാസം മുമ്പ് നടന്ന സംഭവം തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഭര്‍തൃസഹോദരി ഗൗസിയ അവരുടെ ഭര്‍ത്താവ് സിക്കന്ദര്‍ എന്നിവരാണ് വില്‍പനയ്ക്ക് മുന്‍കൈ എടുത്ത് പണം വാങ്ങിയതെന്നും ഉന്നിസ നല്‍കിയ പരാതിയില്‍ പറയുന്നു.

വിവാഹം നടത്തി നാലുദിവസം ഹോട്ടലില്‍ പെണ്‍കുട്ടിയോടൊപ്പം താമസിച്ച ശേഷം ഒമാന്‍ സ്വദേശി നാട്ടിലേക്ക് തിരിച്ചു പോയി. തുടര്‍ന്ന് വിസ അയച്ചു നല്‍കുകയും സിക്കന്ദര്‍ മുന്‍കൈ എടുത്ത്് ആവശ്യമായ രേഖകള്‍ തയ്യാറാക്കി പെണ്‍കുട്ടിയെ ഒമാനിലേക്ക് കയറ്റി വിടുകയായിരുന്നു.

ആഢംബര ജീവിതം നയിക്കാമെന്നും അറബിനാട്ടില്‍ സുഖമായി കഴിയാമെന്നും തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ വിവാഹത്തിന് സമ്മതിപ്പിച്ചതെന്നും മാതാവ് പരതിയില്‍ വ്യക്തമാക്കുന്നുണ്ട്.പെണ്‍കുട്ടിയുമായും ഒമാന്‍ സ്വദേശിയുമായും ഫോണില്‍ സംസാരിച്ചതായും പെണ്‍കുട്ടി തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ട് കരയുകയാണെന്നും എന്നാല്‍ വിവാഹ സമയത്ത് നല്‍കിയ അഞ്ച് ലക്ഷം തിരിച്ചു നല്‍കിയാല്‍ മാത്രമെ തിരിച്ചയക്കൂ എ്ന്ന നിലപാടിലാണ് ഒമാന്‍ സ്വദേശിയെന്നും ഉന്നിസ പരാതിയില്‍ പറയുന്നു.