കോഴിക്കോട്: ആധുനിക ചരിത്രത്തില്‍ തുല്യതയില്ലാത്ത കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണ് രോഹിങ്ക്യന്‍ ജനതയെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മ്യാന്‍മര്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശിഹാബ് തങ്ങള്‍. മുതലാളിത്ത സമ്പദ് ഘടന പിന്‍തുടരുന്നതിന്‍റെ ഭാഗമായാണ് മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്ങ് സാന്‍ സൂചി റോഹിങ്ക്യകള്‍ക്ക് എതിരാകുന്നതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ നിർദേശം പാലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ദലൈലാമക്ക് അഭയം നൽകിയ രാജ്യമാണ് ഇന്ത്യ. അഭയാർതഥികളെ സ്വീകരിക്കുന്ന ഇന്ത്യയുടെ നയം പിന്തുടരാൻ മോദി സർക്കാർ തയ്യാറാകണമെന്നും ചടങ്ങില്‍ ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യം മുതലാളിത്ത സാമ്പത്തിക നയം സ്വീകരിക്കുന്നതിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനാണ് സൂചി രോഹിങ്ക്യകളെ വേട്ടയാടുന്നതിന് കൂട്ടു നിൽക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.