ദില്ലി:ഗുജറാത്തില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് തെറ്റായി നടത്തിയ ട്വീറ്റിന് ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്റെ എല്ലാ ബിജെപി സുഹൃത്തുക്കളോടും എന്നു പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് തുടങ്ങുന്നത്. നരേന്ദ്ര ഭായിയെപ്പോലെയല്ല, ഞാനൊരു മനുഷ്യനാണ്, എല്ലാ മനുഷ്യരെയുപോലെ ഞങ്ങള്‍ക്കു തെറ്റു പറ്റാറുണ്ട്. അതാണ് ജീവിതത്തെ രസകരമാക്കുന്നത്. അത് ചൂണ്ടിക്കാട്ടിയതിന് നന്ദി. അത് തുടരുക, അതെന്നെ കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി.

Scroll to load tweet…

ട്വിറ്ററില്‍ കേന്ദ്രസര്‍ക്കാറിനെയും മോദിയെയും നിരന്തരം വിമര്‍ശന മുനയില്‍ നിര്‍ത്തുന്നതിനിടെ കഴിഞ്ഞ ദിവസം രാഹുല്‍ നടത്തിയ ട്വീറ്റാണ് രാഹുലിന് പണിയായത്. ട്വിറ്റര്‍ പോസ്റ്റിലെ കണക്കില്‍ വന്ന പാളിച്ചകളാണ് സംഭവം. ഒരു ദിവസം ഒരു ചോദ്യം എന്ന രീതിയില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പൊളിച്ചടുക്കുന്നതിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം വെച്ചുള്ള ചോദ്യമാണ് തിരിച്ചടിയായത്.

രാഹുലിന് കണക്ക് അടിസ്ഥാന തത്വം പോലും അറിയില്ലേ എന്ന് ചോദിച്ച് ബിജെപിക്കാര്‍ പരിഹാസം തുടങ്ങിയതോടെ രാഹുല്‍ സംഭവിച്ച പിഴവ് പരിഹരിച്ച് കണക്ക് ശരിക്ക് കൂട്ടി വീണ്ടും ട്വീറ്റ് ചെയ്തു. ടേബിളില്‍ കാണിച്ചിരുന്ന ശതമാനക്കണക്കിലാണ് രാഹുലിന് പിഴച്ചത്. ബിജെപിയോടുള്ള രാഹുലിന്‍റെ ഏഴാമത്തെ ചോദ്യത്തില്‍ ബിജെപി പണക്കാരുടെ സര്‍ക്കാരായി മാറുകയാണോ എന്ന് ചോദിച്ചിരുന്നു.

നിത്യോപയോഗ സാധാനങ്ങളുടെ വില നിലവാര പട്ടിക നിരത്തിയായിരുന്നു ചോദ്യം. ഇതിനൊപ്പം വെച്ചിരുന്ന ടേബിളിലെ ഗ്യാസ്, പരിപ്പ്, തക്കാളി, സവാള, പാല്‍, ഡീസല്‍ എന്നിവയുടെ വില നിലവാരം നിരത്തിയിരുന്നു. ഇതില്‍ കാണിച്ചിരുന്ന ശതമാന കണക്കാണ് അമ്പേ പാളിപ്പോയത്. ടേബിളില്‍ എല്ലാറ്റിനും 100 പോയിന്‍റ് കൂടിപ്പോയെന്ന് മാത്രം.

പരിപ്പിന് 45 കിലോയില്‍ നിന്നും 80 രൂപയിലേക്ക് വില കൂടിയെന്ന് കാണിക്കാന്‍ രാഹുലിന്റെ പട്ടികയില്‍ 77 ശതമാനമെന്നത് 177 ശതമാനമെന്നാണ് കാണിച്ചിരുന്നത്. ഗ്യാസ് സിലിണ്ടറിന് 414 ല്‍ നിന്നും 742 ആയി വില കൂടിയെന്നതിന് 179 ശതമാനം വില വര്‍ദ്ധനവ് ഉണ്ടായതായി കാണിച്ചു. പട്ടികയിലെ എല്ലാറ്റിനും വില വര്‍ദ്ധനവ് 100 ശതമാനം കൂടിപ്പോയി.

ശതമാനക്കണക്കില്‍ വ്യാപകമായ ക്രമക്കേട് തിരിച്ചറിഞ്ഞ രാഹുല്‍ അത് ഡിലീറ്റ് ചെയ്ത ശേഷം പുതിയ ടേബിള്‍ ഇടുകയും ചെയ്തു. പക്ഷേ ഏറെ രസകരം കഴിഞ്ഞ ടേബിളില്‍ വിലക്കൂടുതല്‍ കാണിക്കാന്‍ ഉപയോഗിച്ച ശതമാനക്കണക്ക് പൂര്‍ണ്ണമായും എടുത്തുമാറ്റി പകരം കൂടിയ വിലയാണ് കാണിച്ചിട്ടുള്ളത്. കഴിഞ്ഞ ഏഴ് ദിവസമായി മുമ്പത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി നടത്തിയിരുന്ന വാഗ്ദാന ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയെ ചോദ്യശരങ്ങള്‍ കൊണ്ട് പൊള്ളിച്ച രാഹുലിന്റെ ഒടുവിലത്തെ അമ്പായിരുന്നു ദുര്‍ബ്ബലമായി പോയത്.